പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് പ്രഭാകരന്റെ സൗജന്യങ്ങൾ
1300281
Monday, June 5, 2023 12:42 AM IST
എം.രാജീവൻ
കൂത്തുപറമ്പ്: 2014 മുതൽ പരിസ്ഥിതി രംഗത്ത് സജീവ സാന്നിധ്യമാണ് പിണറായി ഗവ. ആയുർവേദ ഡിസ്പെൻസറി ജീവനക്കാരനായ വേങ്ങാട് പറമ്പായിയിലെ കക്കോത്ത് പ്രഭാകരൻ. ജൈവ വൈവിധ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി നിരവധി പ്രവർത്തനങ്ങളാണ് ഇതിനകം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.
ആയുർവേദ ചികിത്സാരംഗത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത ഔഷധസസ്യങ്ങൾ നട്ടുവളർത്തി ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ഔഷധത്തോട്ടങ്ങൾ ഉണ്ടാക്കി നൽകുകയും ഔഷധ സസ്യങ്ങളുടെ വിത്തുകൾ സൗജന്യമായി വിതരണം ചെയ്യുകയുമാണ് ഇദ്ദേഹം ചെയ്യുന്നത്. ഇപ്രകാരം 65,000 ഔഷധസസ്യങ്ങളും 40,000 ഔഷധസസ്യങ്ങളുടെ വിത്തുകളും ഇതുവരെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്.
സ്വയം ജൈവരീതിയിൽ നട്ടുവളർത്തിയ ചെടികളിൽനിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത് വിഷരഹിതമായ വിളവുകൾ പാകം ചെയ്ത് ആഹാരത്തിന്റെ ഭാഗമാക്കുക എന്ന ആശയത്തിൽനിന്ന് ഉടലെടുത്ത പദ്ധതി പ്രകാരം 500 ഗ്രോ ബാഗിൽ വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറി കൃഷി ചെയ്തു. ഈ പദ്ധതി മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ 90 ഓളം കുടുംബങ്ങൾക്ക് പച്ചക്കറിത്തൈകൾ എത്തിച്ചു നൽകുകയും വീട്ടിൽ ഒരു ഗ്രോ ബാഗ് പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കുയും ചെയ്തു.
വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ, അങ്കണവാടികൾ സമൂഹത്തിൽ അവശത അനുഭവിക്കുന്ന നിർധനർ, കാൻസർ രോഗികളുമായിട്ടുള്ള ആദിവാസി കുടുംബങ്ങൾ എന്നിവർക്ക് സൗജന്യമായി നൽകും. ആയുർവേദ വകുപ്പ്, വനം വകുപ്പ്, കൃഷി വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, ഹരിത കേരള മിഷൻ, ഓയിസ്ക ഇന്റർനാഷണൽ, ലീഗൽ സർവീസ് അഥോറിറ്റി, വിദ്യാഭ്യാസ വകുപ്പ് ഹോമിയോ, ആരോഗ്യവകുപ്പ് പഞ്ചായത്ത്, ക്ലബുകൾ തുടങ്ങിയവയുടെ സഹകരണത്തോടുകൂടിയാണ് പ്രവർത്തനം.
അപൂർവ ഇനത്തിൽപ്പെട്ട 400ൽ പരം വിവിധങ്ങളായിട്ടുള്ള ഔഷധസസ്യങ്ങളുടെ ശേഖരവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. മട്ടുപ്പാവ് പച്ചക്കറി കൃഷിയിൽ കൃഷി വകുപ്പിന്റെ സ്ഥാപനതല വിജയിയായിട്ടുണ്ട്. കൂടാതെ ഹരിത കേരള മിഷന്റെ ജില്ലാ അവാർഡും 2021ലെ അക്ഷയശ്രീ പുരസ്കാരവും ലഭിച്ചു. മികച്ച ഔഷധസസ്യ പ്രചാരകൻ, മികച്ച പരിസ്ഥിതി പ്രവർത്തകൻ മികച്ച ആരോഗ്യ പ്രവർത്തകൻ തുടങ്ങിയ നിലയിലും നിരവധി പ്രാദേശിക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റെഡ് ക്രോസ് വോളണ്ടിയർ കൂടിയാണ് ഇദ്ദേഹം. സ്വന്തം സ്ഥലത്ത് പൊതുജനങ്ങൾക്കായി ഒരു ജൈവ വൈവിധ്യ ഉദ്യാനം തുടങ്ങുന്നതിന്റെ ആലോചനയിലാണ് ഇദ്ദേഹം. പരിസ്ഥിതി ദിനമായ ഇന്ന് അയ്യായിരത്തോളം ഔഷധ സസ്യത്തൈകളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുക.