ഇരിട്ടി പുഴയോരത്ത് പാർക്കും പൂന്തോട്ടവും ഒരുങ്ങുന്നു
1300275
Monday, June 5, 2023 12:39 AM IST
ഇരിട്ടി: ഇരിട്ടി പുതിയ പാലത്തിനോട് ചേർന്ന് പുഴയോരത്ത് പൂന്തോട്ടവും പാർക്കും ഒരുങ്ങുന്നു. ഇരിട്ടി ഗ്രീൻ ലീഫ് സൊസൈറ്റിയും പായം പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പാലത്തിനു സമീപം മാലിന്യം വലിച്ചെറിയുന്നതും പുഴയോരം വൃത്തിഹീനമാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂന്തോട്ടമൊരുക്കുന്നതിന്റെ ചുമതല ഇരിട്ടി ഗ്രീൻ ലീഫ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു. സൊസൈറ്റിയുടെ പ്രധാന പ്രവർത്തകനായി പി.പി. രജീഷിന്റെ രൂപകൽപനയിലാണ് പാർക്ക് നിർമിക്കുന്നത്. പരിസ്ഥിതി വാരാഘോഷത്തിൽ ഉദ്യോനം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഗ്രീൻ ലീഫ് ഭാരവാഹികൾ അറിയിച്ചു.
അനുമോദന സദസും മെഡിക്കൽ വിംഗ്
ഉദ്ഘാടനവും നടത്തി
ഇരിട്ടി: വള്ള്യാട് ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും, മെഡിക്കൽ വിംഗിന്റെ പ്രവർത്തനോദ്ഘാടനവും പ്രഗതി വിദ്യാനികേതൻ വൈസ് പ്രിൻസിപ്പൽ എം. രതീഷ് നിർവഹിച്ചു. ഇരിട്ടി നഗരസഭ കൗൺസിലർ എൻ.സിന്ധു അധ്യക്ഷത വഹിച്ചു. പി. ഷാജീവൻ, സുമേഷ് , ഗീതാ രാമകൃഷ്ണൻ, എം. അനുരാജ് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ വിംഗിനായുള്ള ഉപകരണങ്ങൾ എടക്കാനം എൽ പി സ്കൂൾ മുൻ മുഖ്യാധ്യാപകൻ എം. ലക്ഷ്മണനിൽ നിന്നും ഗ്രാമ സേവാ സമിതി ഭാരവാഹികളായ എം. ചന്ദ്രൻ, നിട്ടൂർ കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാനതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീലക്ഷ്മിയെ ചടങ്ങിൽ അനുമോദിച്ചു.