ജോസ്ഗിരി- ഉദയഗിരി-തളിപ്പറമ്പ്-കണ്ണൂർ റൂട്ടിൽ കെഎസ്ആർടിസി പുനഃസ്ഥാപിക്കും
1300265
Monday, June 5, 2023 12:36 AM IST
ഉദയഗിരി: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ മലയോര മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള നിർത്തലാക്കിയ കെഎസ്ആർടിസി ബസ് സർവീസ് പുനഃസ്ഥാപിക്കുമെന്ന് കണ്ണൂർ ഡിടിഒ മനോജ്. നിർത്തലാക്കിയ ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഏതാനും ദിവസം മുന്പ് സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കണ്ണൂർ ഡിപ്പോയിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, മണ്ഡലം പ്രസിഡന്റ് ബെന്നി പീടികക്കൽ, ജോസ് പറയംകുഴി, ഷെനി മാക്കൂട്ടം, സരിത ജോസ്, അജിത് മാത്യു, മാനുവൽ വടക്കേമുറി തുടങ്ങിയവർ കണ്ണൂർ ഡിടിഒയെ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഡിടിഒ ബസ് സർവീസ് പുനഃരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയത്. ജോസ്ഗിരി- ഉദയഗിരി-തളിപ്പറമ്പ്-കണ്ണൂർ റൂട്ടിൽ ബസ് സർവീസ് 20ന് ആരംഭിക്കുമെന്ന് ഡിടിഒ അറിയിച്ചു. രാത്രി 10ന് ട്രെയിൻ യാത്രികർക്ക് മലയോരമേഖലയിലേക്ക് ലാസ്റ്റ് ട്രിപ്പായി ഈ ബസ് ജോസ്ഗിരിയിൽ എത്തിച്ചേരും. രാവിലെ 7.15ന് ജോസ് ഗിരിയിൽ നിന്നും യാത്ര ആരംഭിക്കും.