എഐ കാമറ: ഓഫീസ് സജ്ജം
1300263
Monday, June 5, 2023 12:36 AM IST
മട്ടന്നൂർ: ജില്ലയിലെ ഗതാഗത നിയമ ലംഘനം തടയാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ പരിശോധിക്കുന്ന കൺട്രോൾ റൂം സജ്ജമായി.
മട്ടന്നൂരിലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിലാണ് കൺട്രോൾ റൂം.
കാമറകൾ പരിശോധിക്കുന്ന കൺട്രോൾ റൂമിലേക്കുള്ള ഏഴ് ജീവനക്കാരിൽ മൂന്ന് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. കൺട്രോൾ റൂമിലേക്കുള്ള ജീവനക്കാരെ കെൽട്രോണാണ് നിയമിക്കുന്നത്. സിസ്റ്റം അഡ്മിനിട്രേഷൻ, സൂപ്പർവൈസർ, ഓപ്പറേറ്റർമാർ തുടങ്ങിയവരെയാണ് കൺട്രോൾ റൂമിലേക്ക് നിയമിച്ചത്. 50 എഐ കാമറകളാണ് ജില്ലയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ കാമറകളാണ്.
ജില്ലയിലെ എഐ കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കുകയും പിഴ ചുമത്തി നോട്ടീസ് അയക്കുകയും ചെയ്യുന്നത് മട്ടന്നൂർ വെള്ളിയാംപറമ്പിലെ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിൽ നിന്നാണ്. ദൃശ്യങ്ങൾ പരിശോധിക്കുകയും ക്രോഡീകരിക്കുകയും ചെയ്യേണ്ട ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്.
കാമറകളുടെ നിരീക്ഷണത്തിന് വേണ്ട സംവിധാനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരു വർഷത്തിലധികമായി കാമറകളുടെ റെക്കോർഡിംഗ് നടക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണത്തിനും മറ്റുമായി ദൃശ്യങ്ങൾ നൽകാറുമുണ്ട്.