മഴയെത്തും മുന്പേ കെഎസ്ഇബിയുടെ മുന്നൊരുക്കങ്ങൾ തകൃതി
1300032
Sunday, June 4, 2023 8:01 AM IST
കണ്ണൂർ: കാലവർഷം എത്താനായതോടെ വൈദ്യുതി വിതരണം തടസപ്പെടുന്നത് ഒഴിവാക്കാൻ മുന്നൊരുക്കങ്ങൾ നടത്തി കെഎസ്ഇബി. വൈദ്യുത ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകളും മറ്റു തടസങ്ങളും നീക്കുന്ന ജോലി ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ, ഓയിൽ നിറയ്ക്കൽ, എയർ ബ്രേക്ക് സ്വിച്ചുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കൽ, തകർന്ന പോസ്റ്റുകൾക്കു പകരം പുതിയവ സ്ഥാപിക്കൽ, പുതിയ താങ്ങുകമ്പികൾ സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്.
മഴക്കാലത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കണ്ണൂർ സർക്കിളിനു കീഴിൽ തലശേരി, കണ്ണൂർ ഡിവിഷനുകളിൽ ഓരോ ദ്രുതകർമസേനയെ വീതം രൂപീകരിച്ചിട്ടുണ്ട്. ഒരു സെക്ഷനു പരിഹരിക്കാൻ സാധിക്കുന്നതിലും വലിയ പ്രശ്നങ്ങളുണ്ടായാൽ ദ്രുതകർമസേന സഹായത്തിനെത്തും. ആകെ 30 സെക്ഷനുകളാണ് കണ്ണൂർ സർക്കിളിലുള്ളത്. ലീഡറുൾപ്പെടെ 15 പേരാണ് ഒരു ദ്രുതകർമസേന ടീമിലുള്ളത്. രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ഡിവിഷനുകളിലേയും ദ്രുതകർമസേനയുടെ യോഗം കൂടി വേണ്ട നിർദേശങ്ങൾ നൽകും. സ്ഥിതിഗതികൾ വിലയിരുത്താൻ ജൂൺ ഒന്നിന് ജില്ലാ കളക്ടർ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
കരുതൽ വേണം
വൈദ്യുത ലൈൻ, ഉപകരണങ്ങൾ എന്നിവയിൽനിന്ന് അപകടം
പറ്റാതിരിക്കാൻ വൈദ്യുതി ബോർഡിന്റെ പ്രധാന നിർദേശങ്ങൾ ചുവടെ
1. വൈദ്യുത കമ്പി പൊട്ടിക്കിടക്കുന്നതു കണ്ടാൽ അതിനു സമീപം പോകുകയോ സ്പർശിക്കുകയോ ചെയ്യാതെ വിവരം എത്രയും പെട്ടെന്ന് തൊട്ടടുത്ത കെഎസ്ഇബി ഓഫീസിലോ 9496010101 എന്ന നമ്പറിലോ അറിയിക്കണം.
2. വെള്ളത്തിൽ വൈദ്യുത കമ്പി പൊട്ടിക്കിടക്കുന്നതു കണ്ടാൽ ലൈൻ ഓഫാക്കിയെന്ന് ഉറപ്പുവരുത്താതെ വെള്ളത്തിൽ ചവിട്ടരുത്.
3. ഷോക്കേറ്റ വ്യക്തിയെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പർശിക്കാവൂ. വൈദ്യുതാഘാതമേറ്റയാളിനെ ഉണങ്ങിയ തടിക്കഷണം പോലുള്ള വൈദ്യുതി പ്രവഹിക്കാത്ത വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ വേർപെടുത്താൻ പാടുള്ളൂ.
4. വൈദ്യുത ലൈനുകൾക്കു താഴെ ക്രെയിനുകൾ, ടിപ്പർ ലോറികൾ മുതലായ ഉയരം കൂടിയ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം.
5. നനഞ്ഞ വിരലുകൾ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കുകയോ നനഞ്ഞ പ്രതലത്തിൽ നിന്ന് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്.
6. വൈദ്യുത ലൈനുകൾക്ക് സമീപമുള്ള വൃക്ഷങ്ങളിൽ നിന്ന് കായ്ഫലങ്ങൾ ലോഹനിർമിതമായ തോട്ടി ഉപയോഗിച്ച് പറിക്കാൻ ശ്രമിക്കരുത്.
7. ഇരുമ്പു വേലികളിലേക്ക് വൈദ്യുതി കടത്തി വിടുന്നതും വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതും അപകടമുണ്ടാക്കും.
8. ഇടിമിന്നലുള്ളപ്പോൾ വൈദ്യുത ഉപകരണങ്ങളിൽ സ്പർശിക്കുകയോ അവ പ്രവർത്തിപ്പിക്കുകയോ ചെയ്യരുത്.
9. വീടുകളിലും സ്ഥാപനങ്ങളിലും വയറിംഗ് നടത്തുമ്പോൾ ELCB/RCCB എന്ന ഉപകരണം കൂടി ഉൾപ്പെടുത്തുക.
10. വൈദ്യുത പോസ്റ്റുകളിലോ താങ്ങു കമ്പികളിലോ വളർത്തു മൃഗങ്ങളെ കെട്ടുകയോ തുണി വിരിക്കാനുള്ള അയ കെട്ടുകയോ ചെയ്യരുത്.
11. വൈദ്യുത ഉപകരണങ്ങളിലോ സമീപത്തോ തീപിടിത്തമുണ്ടായാൽ ഉടൻ സ്വിച്ച് ഓഫാക്കണം. തീയണയ്ക്കാൻ വൈദ്യുത ഉപകരണങ്ങളിൽ വെള്ളം ഒഴിക്കരുത്.
12. കൂട്ടിയോജിപ്പിച്ച വയറുകൾ വഴി വൈദ്യുതി കടത്തിവിട്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.