രാമന്തളിയില്‍ വാർഡ് മെംബറുടെ ഓട്ടോറിക്ഷ കത്തിച്ചു
1300025
Sunday, June 4, 2023 8:01 AM IST
പയ്യന്നൂര്‍: രാമന്തളി പഞ്ചായത്തിലെ മുസ്ലിംലീഗ് വാര്‍ഡ് മെംബറിന്റെ ഓട്ടോറിക്ഷ കത്തിച്ചു. എട്ടിക്കുളം വാര്‍ഡ് മെംബറും പ്രാദേശിക നേതാവുമായ ചൂളക്കടവില്‍ താമസിക്കുന്ന ചെറുക്കിണിയന്‍ ജയരാജിന്റെ മഹീന്ദ്ര ഓട്ടോറിക്ഷയാണ് തീവച്ച് നശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി കണ്ടെത്തിയത്.
വീട്ടിലേക്ക് ഓട്ടോറിക്ഷ കൊണ്ടുപോകുന്നതിനുള്ള സൗകര്യമില്ലാത്തതിനാല്‍ പതിവുപോലെ അടുത്തപറമ്പില് നിര്‍മാണം നടക്കുന്ന വീടിനരികില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം പോത്തിന്റെ കുത്തേറ്റ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയരാജിന്റെ അമ്മ ദേവകി പുലര്‍ച്ചെ മൂന്നോടെ സ്ഫോടന ശബ്ദം കേട്ടതായി പറയുന്നു.
വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. അതേസമയം സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ഓട്ടോ തീവച്ച് നശിപ്പിച്ചതെന്നും ഇതില്‍ പ്രതിഷേധിക്കുന്നതായും മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കെ.കെ. അഷ്റഫ് പറഞ്ഞു. കുറ്റവാളികളെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അഷ്റഫ് ആവശ്യപ്പെട്ടു.