ഇരിട്ടി കെഎസ്ആർടിസി ഡിപ്പോ കാടു കയറി നശിക്കുന്നു
1300024
Sunday, June 4, 2023 8:01 AM IST
ഇരിട്ടി: ഏറെ കൊട്ടി ആഘോഷിച്ച് 2011ൽ ഉദ്ഘാടനം ചെയ്ത ഇരിട്ടി കെഎസ്ആർടിസി ഡിപ്പോ കാടുകയറി മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. പത്തുലക്ഷം രൂപ ചെലവിൽ നിർമിച്ച ഡിപ്പോ അന്നത്തെ എംഎൽഎ ആയിരുന്ന കെ.കെ. ശൈലജയായിരുന്നു ഉദ്ഘാടനം ചെയ്തത്.
കൃത്യമായ ആസൂത്രണമില്ലാതെ തട്ടിക്കൂട്ടിയായിരുന്നു ഡിപ്പോ നിർമിച്ചതെന്ന് ഉദ്ഘാടന സമയത്ത് തന്നെ ആരോപണം ഉയർന്നിരുന്നു. ബസുകൾക്ക് ഡിപ്പോയിലേക്ക് പ്രവേശിക്കാൻ സുഗമമായ വഴി പോലും ഒരുക്കാതെയായിരുന്നു ഡിപ്പോ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷവും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായില്ല.
ഇറിഗേഷൻ വകുപ്പ് കമ്മ്യൂണിറ്റി ഹാൾ നിർമിച്ച് കൈമാറിയ സ്ഥലത്തായിരുന്നു ഡിപ്പോ തുടങ്ങിയത്. നിരവധി കെഎസ്ആർടിസി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഇരിട്ടിയിൽ കെഎസ്ആർടിസിക്ക് ഒരു ആസ്ഥാനം അത്യാവശ്യമാണ്. ഇവിടങ്ങളിൽ സർവീസ് നടത്തുന്ന ബസുകൾ ഇന്ധനം നിറയ്ക്കാൻ നിലവിൽ കണ്ണൂർ, തലശേരി ഡിപ്പോകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
ഡിപ്പോ പ്രവർത്തിക്കാത്തത് കാരണം ഇരിട്ടിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസുകൾ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലാണ് നിർത്തിയിടുന്നത്. നിരവധി അന്തർ സംസ്ഥാന കെഎസ്ആർടിസി ബസുകൾ കടന്നുപോകുന്ന പ്രധാന ടൗൺ കൂടിയായി ഇരിട്ടിയിൽ ഡിപ്പോയില്ലാത്തത് യാത്രക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്.