ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കണം: താലൂക്ക് വികസന സമിതി
1300021
Sunday, June 4, 2023 7:56 AM IST
ഇരിട്ടി: കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം നിർദേശിച്ചു. വഴിയരികിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു നീക്കാൻ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ട്രീ കമ്മിറ്റികൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിനായി കളക്ടറെ തഹസിൽദാർ വിവരം ധരിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. ആറളം വില്ലേജ് ഓഫീസ് പാർശ്വഭിത്തിയുടെ അധിക നിർമാണം നടപ്പാക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷനിൽ നിന്ന് ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന താലൂക്ക് വികസന സമിതിയോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത ദിനേശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് നന്പുടാകം, ആന്റണി സെബാസ്റ്റ്യൻ, പി. രജനി, കെ.പി. രാജേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഇരിട്ടി തഹസിൽദാർ സി. വി. പ്രകാശൻ എന്നിവർ പങ്കെടുത്തു.