സ്വകാര്യ ബസുകളുടെ സമരം യാത്രക്കാരെ ബുദ്ധിമുട്ടിച്ചു
1300007
Sunday, June 4, 2023 7:52 AM IST
ചെറുപുഴ: ചെറുപുഴ-പയ്യന്നൂർ-പുളിങ്ങോം-രാജഗിരി റൂട്ടിൽ ഇന്നലെ സ്വകാര്യ ബസുകൾ ഓടാത്തത് യാത്രക്കാരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിച്ചു. സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ പണിമുടക്കിയതിനെ തുടർന്നാണു ബസുകൾ സർവീസ് നിർത്തിവച്ചത്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രാക്ലേശത്തിനു പരിഹാരമായില്ല. ഇന്നലെ പ്രവൃത്തി ദിവസമായതിനാൽ വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടി. പലർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല.
രാജഗിരി-ചെറുപുഴ-പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെ മാത്തിൽ കുറുക്കൂട്ടിയിൽ വച്ച് വെള്ളിയാഴ്ച മർദിച്ചതിൽ പ്രതിഷേധിച്ചാണു ജീവനക്കാർ പണിമുടക്ക് നടത്തിയത്. സ്വകാര്യ ബസ് ഇരുചക്ര വാഹനയാത്രക്കാരനെ തട്ടിയ സംഭവത്തെ ചൊല്ലിയുണ്ടായ തർക്കമാണു സമരത്തിന് കാരണം. എന്നാൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ പറഞ്ഞു.
ജീവനക്കാരനെ മർദിച്ച ആളുകളെ അറസ്റ്റ് ചെയ്യണമെന്നാണു തൊഴിലാളികൾ പറയുന്നത്. മർദിച്ചുവെന്നു പറയുന്ന ആളുകളെ അറസ്റ്റ് ചെയ്തിട്ടും ബസ് തൊഴിലാളികൾ പണിമുടക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പണിമുടക്ക് പിൻവലിച്ചെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമുണ്ടായില്ല. ചെറുപുഴ-തിരുമേനി റൂട്ടിലും ബസുകൾ സർവീസ് നടത്തിയില്ല.