താലൂക്ക് വികസന സമിതിയിൽ പോലീസിനെതിരേ വ്യാപാരികൾ
1299998
Sunday, June 4, 2023 7:48 AM IST
തളിപ്പറമ്പ്: മെയിൻ റോഡിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ നിർത്തിയ വാഹനങ്ങൾക്ക് പിഴയിട്ടത് ചോദ്യം ചെയ്ത വ്യാപാരി നേതാക്കൾക്കെതിരെ കേസെടുത്ത തളിപ്പറമ്പ് പോലീസിനെതിരെ താലൂക്ക് വികസന സമിതിയിൽ വ്യാപാരികളുടെ പരാതി. വ്യാപാരികളുടെ അഭ്യർഥന പരിഗണിച്ച് തളിപ്പറമ്പ് മെയിൽ റോഡിൽ സാധനങ്ങൾ വാങ്ങാൻ 30 മിനിറ്റ് വാഹനങ്ങൾ നിർത്തിയിടാൻ അനുമതി നൽകിയിരുന്നു.
ഡ്രൈവർ വാഹനത്തിൽ ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചിരുന്നു. പോലീസ്, ആർടിഒ തുടങ്ങിയവർ ഉൾപ്പെടെ പങ്കെടുത്ത വികസന സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. എന്നാൽ ഇപ്പോൾ ഇത്തരം വാഹനങ്ങൾക്കെതിരേ പിഴ ചുമത്തുകയും പിഴയിട്ടത് ചോദ്യം ചെയ്ത വ്യാപാരി നേതാക്കൾക്കെതിരെ കേസെടുക്കുകയുമാണു ചെയ്യുന്നത്. കൂടാതെ വാഹന ഉടമകളെ സ്റ്റേഷനിൽ പിടിച്ചു നിർത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.
താലൂക്ക് വികസന സമിതി യോഗ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണു പോലീസ് പറയുന്നതെന്നും ഇതു കാരണം മെയിൻ റോഡിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾ വരാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇങ്ങനെ പോയാൽ സ്ഥാപനങ്ങൾ പൂട്ടി വീട്ടിലിരിക്കേണ്ടി വരുമെന്നും വ്യാപാരി നേതാവ് വി. താജുദ്ദീൻ വികസന സമിതി യോഗത്തിൽ പറഞ്ഞു.
വ്യാപാരികളുടെ പരാതി പ്രത്യേക പരിഗണന നൽകി പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ആർഡിഒ ഇ.പി. മേഴ്സി മറുപടി നൽകി. അതിരുകുന്ന് തടിക്കടവ് കമ്പിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന പരാതി പിഡബ്ല്യുഡി പാലം വിഭാഗത്തിന് കൈമാറി.
മയ്യിൽ പാവന്നൂർ മൊട്ട റൂട്ടിൽ ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന പരാതി ആർടിഒയ്ക്കും പട്ടുവം കോട്ടക്കീൽ പാലം നിർമാണത്തിലെ അപാകത പരിശോധിക്കാൻ ഉന്നത തല സംഘത്തെ നിയോഗിക്കണമെന്ന പരാതി പിഡബ്ല്യുഡിക്കും കൈമാറി. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ചന്ദ്രൻ, ആർഡിഒ ഇ.പി. മേഴ്സി, തഹസിൽദാർ പി. സജീവൻ തുടങ്ങിയവർ പങ്കെടുത്തു.