ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി
1299654
Saturday, June 3, 2023 12:57 AM IST
ചന്ദനക്കാംപാറ: ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനകളിറങ്ങി. ചന്ദനക്കാംപാറയിലെ മഞ്ഞക്കൊഴയിൽ ഭാർഗവിയുടെയും ബാബുവിന്റെയും പറമ്പിലാണ് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങിയത്. ബാബുവിനെ കൂടാതെ മുളക്കൽ ബെന്നി, ഷാജി, ആന്റണി, കളിയാനിയിൽ ബാബു എന്നിവരുടെ പറമ്പുകളിലും കാട്ടാനകളെത്തിയിരുന്നു. ആടാംകവല, ചാപ്പക്കടവ്, ഷിമോഗകോളനി തുടങ്ങി അതിർത്തി ഗ്രാമങ്ങളിലാണ് പത്തിലധികം വരുന്ന കാട്ടാനകൂട്ടം തമ്പടിച്ചിരിക്കുന്നത്.
ബാബുവിന്റെ പൂർണ വളർച്ചയെത്താറായ നൂറോളം വാഴകൾ പൂർണമായും നശിപ്പിച്ചു. രണ്ട് കുട്ടിക്കൊമ്പനടക്കം എട്ട് കാട്ടാനകളാണ് പ്രദേശത്തെത്തിയത്. ബാബുവിന്റെ വീടിന്റെ മുറ്റം വരെ കാട്ടാനക്കൂട്ടമെത്തി. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ഒന്നും ബാക്കി വച്ചില്ല.
പ്രായമായ അമ്മ ഭാർഗവിയും ബാബുവുമാണ് വീട്ടിലുണ്ടായിരുന്നത്. തലനാരിഴക്കാണ് ഇരുവരും ഇത്തവണയും രക്ഷപ്പെട്ടത്. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും അഞ്ചാം വാർഡ് മെംബറുമായ ജിത്തുതോമസ്, നാലാംവാർഡ് മെംബർ സിന്ധു ബെന്നി, കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ, ഐഎൻടിയുസി നേതാവ് ഷാജി പാട്ടശേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കാടിറങ്ങുന്നത്
വാഴപ്രിയർ
വാഴയും ചക്കയുമുള്ള മേഖലകളിലാണ് ആനക്കൂട്ടമെത്തുന്നത്. വാഴത്തോട്ടത്തിലെത്തുന്ന ആനക്കൂട്ടം വാഴകൾ ഭക്ഷിച്ചും നശിപ്പിച്ചുമാണ് മടങ്ങുന്നത്. വാഴത്തോട്ടങ്ങളിലെത്തിയാൽ ഏറെ കഷ്ടപ്പെടാതെ തന്നെ വയറ് നിറയക്കാമെന്നതാണ് ആനക്കൂട്ടത്തെ വാഴതേടി എത്താൻ പ്രേരിപ്പിക്കുന്നത്. പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയാലും ടോർച്ച് തെളിച്ച് അടിച്ചാലും പടക്കം പൊട്ടിച്ചാൽ പോലും ആനകൾ പിന്തിരിഞ്ഞ് പോകാറില്ലെന്ന് കർഷകർ പറയുന്നു.
ഏറെക്കാലങ്ങളായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗര്‍, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപ്പാറ തുടങ്ങിയ പ്രദേശങ്ങളാണ് കാട്ടാനയുടെയും വന്യജീവികളുടെയും അക്രമം പതിവായ മേഖല. നിരവധി കര്‍ഷകരുണ്ട്. ഈ മേഖലകളില്‍ ജീവിക്കുന്നത്. തെങ്ങ്, വാഴ, കവുങ്ങ്, ജാതി മറ്റ് ഇടവിള കൃഷികളും പ്രദേശത്ത് നിരവധിയാണ്. ഏതാനും ആഴ്ചകളായി പൊട്ടൻപ്ലാവിലും ചാപ്പക്കടവിലും ചന്ദനക്കാംപാറ മേഖലയിലും പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.