വരകളും വർണങ്ങളും ബാക്കിയാക്കി മനോജ് അച്ചൻ യാത്രയായി
1298928
Wednesday, May 31, 2023 7:37 AM IST
എടൂർ: ആദ്യമായി ദിവ്യബലി അർപ്പിച്ച ദേവാലയത്തോടും ബലിപീഠത്തോടും യാത്രപറഞ്ഞ് വരകളുടെയും നിറങ്ങളുടെയും ലോകത്തെ പ്രിയങ്കരനായ യുവവൈദികൻ വിടചൊല്ലി. വടകര മുക്കാളിയിൽ വാഹനാപകടത്തിൽ മരിച്ച തലശേരി അതിരൂപതാംഗം ഫാ.മനോജ് ഒറ്റപ്ലാക്കലിന്റെ ഭൗതികദേഹം ഇന്നലെ വൈകുന്നരം വൻജനാവലിയുടെ സാന്നിധ്യത്തിൽ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ സംസ്കരിച്ചു. 12 വർഷത്തെ വൈദിക ജീവിതത്തിൽ വരച്ചും എഴുതിയും എല്ലാവർക്കും പ്രിയപ്പെട്ടവനായ യുവവൈദികൻ പ്രിയപ്പെട്ട നിറങ്ങളും ബ്രഷും ഉപേക്ഷിച്ച് ദൈവസന്നിധിയിലേക്ക് തീർഥയാത്രയായി.
തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രലിലെ പൊതുദർശനത്തിനുശേഷം തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അച്ചന്റെ ഭൗതികദേഹം എടൂർ മരുതാവിലുള്ള വീട്ടിലെത്തിച്ചത്.
ഇന്നലെ രാവിലെ 10.30 ന് വീട്ടിൽനിന്ന് വിലാപയാത്രയായി മാതൃ ഇടവകയായ എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുദർശനത്തിന് വച്ചു.
വീട്ടിലും ദേവാലയത്തിലും പൊതുദർശനത്തിന് വച്ചപ്പോൾ വൈദികരും സന്യസ്തരും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധതുറകളിലുള്ള ആയിരങ്ങൾ പ്രിയപ്പെട്ട മനോജ് അച്ചന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
ഇന്നലെ 3.30ന് ആരംഭിച്ച സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയിസ് വയലിൽ, സിഎസ്ടി ജനറൽ ഫാ. ജോജോ വരവുകാലായിൽ, മനോജ് അച്ചന്റെ സഹോദരൻ ഫാ. ജോജേഷ് ഒറ്റപ്ലാക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
മേജർ ആർച്ച് ബിഷപ്പിന്റെ അനുശോചന സന്ദേശം പ്രൊക്യൂറേറ്റർ ഫാ. ജോസഫ് കാക്കരമറ്റവും മനോജ് അച്ചന്റെ ലഘു ജീവചരിത്രം ചാൻസലർ ഫാ. ബിജു മുട്ടത്തുകുന്നേലും വായിച്ചു. അതിരൂപത പാസ്റ്ററൽ കോ-ഓർഡിനേറ്റർ ഫാ. ഫിലിപ്പ് കവിയിൽ, ജുഡീഷ്യൽ വികാരി ഫാ. ജോൺസൺ കോവൂർപുത്തൻപുര, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, ബിഷപ് ഹൗസിലെയും സന്ദേശഭവനിലെയും വൈദികർ, വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സന്യസ്തർ മുതലായവർ അന്ത്യോപചാരം അർപ്പിച്ചു.
ഹൃദയംകൊണ്ട് സംവദിച്ച വൈദികൻ: മാർ ജോസഫ് പാംപ്ലാനി
എടൂർ: ഹൃദയംകൊണ്ട് ഹൃദയങ്ങളോട് സംവദിക്കുന്ന നല്ല ഹൃദയത്തിന് ഉടമയായിരുന്നു ഫാ.മനോജ് ഒറ്റപ്ലാക്കൽ എന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
പാട്ടും പ്രസംഗവും അഭിനയവും തുടങ്ങി വിവിധ രംഗങ്ങളിൽ ശോഭിച്ചിരുന്ന മനോജ് അച്ചന് മറ്റൊരാളുടെ മനസ് വായിക്കാനുള്ള കഴിവ് സ്വായത്തമായിരുന്നു. തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോൾ ആർച്ച്ബിഷപ്പിന്റെ മനസറിഞ്ഞിട്ടെന്നവണ്ണം ആപ്തവാക്യം ഉൾക്കൊള്ളുന്ന ലോഗോ വരച്ച് സമ്മാനിച്ചത് മനോജ് അച്ചനായിരുന്നു. ഒരു നൂറ്റാണ്ടിന്റെ പൈതൃകമുള്ള മംഗലപ്പുഴ സെമിനാരിയുടെ ജൂബിലി വേളയിൽ സെമിനാരിയുടെ ലോഗോയും വരച്ചത് മനോജ് അച്ചനാണ്.
പഠനത്തിൽ മികവ് പുലർത്തിയ മനോജ് അച്ചനെ സെമിനാരിയിൽ പഠിപ്പിക്കാനായതും ഒരു ഭാഗ്യമായി കാണുന്നു. മനോജ് അച്ചൻ വരച്ച ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ ചിത്രം ഫ്രാൻസിസ് മാർപാപ്പായ്ക്ക് സമ്മാനിച്ചപ്പോൾ പാപ്പ അതിൽ ചുംബിച്ചത് ആർച്ച്ബിഷപ് അനുസ്മരിച്ചു. കഠിനമായ അസുഖങ്ങളിലൂടെ കടന്നു പോയപ്പോഴും ഒന്നിനോടും "നോ' പറയാത്ത വ്യക്തിത്വമായിരുന്നു മനോജ് അച്ചൻ. തലശേരി അതിരൂപതയ്ക്ക് സംഭവിച്ച നികത്താനാവാത്ത നഷ്ടമാണ് മനോജ് അച്ചന്റെ മരണമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.