സ്കൂളുകൾ നാളെ തുറക്കും; ഗൃഹപാഠം ചെയ്യാൻ ഇനിയുമുണ്ട് കാര്യങ്ങൾ
1298926
Wednesday, May 31, 2023 7:37 AM IST
കണ്ണൂർ: മധ്യവേനലവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കുമെങ്കിലും ഒരുക്കങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കുടിവെള്ള പരിശോധനയും ഇതുവരെ കഴിഞ്ഞില്ല. സ്കൂൾ ബസുകളിൽ പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് ലഭിക്കാതെ നിരവധി വാഹനങ്ങളാണുള്ളത്. മലയോര പ്രദേശങ്ങളിലടക്കമുള്ള കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്കും ഇതുവരെ പരിഹാരം കണ്ടിട്ടില്ല.
ജില്ലയിലെ ഭൂരിഭാഗം സ്കൂളുകളും ശുചീകരിച്ചെങ്കിലും ചില സ്കൂളുകൾ ഇനിയും നവീകരിക്കാനുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് നവീകരണം നടക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.കെട്ടിടത്തിന് റാംപ് ആൻഡ് റെയിൽ സൗകര്യവും അഗ്നിരക്ഷാസേനയുടെ ഫയർ ആൻഡ് സേഫ്റ്റിയുടെ ഭാഗമായുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വേണം. ഇത് രണ്ടും ലഭിച്ചാൽ മാത്രമേ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കുകയുള്ളു. സ്കൂൾ കെട്ടിടങ്ങൾ പരിശോധിച്ച് തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ജില്ലയിലെ പല സ്ഥലങ്ങളിലും പരിശോധന നടന്നിട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. കുടിവെള്ള സ്രോതസുകൾ വർഷങ്ങളായി ശുചീകരിക്കാത്ത സ്കൂളുകളും ജില്ലയിലുണ്ട്. കുടിവെള്ള പരിശോധന നടത്തണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും പല സ്കൂളുകളും ഇപ്പോഴും സാന്പിളുകൾ പരിശോധനയ്ക്ക് എത്തിച്ചിട്ടില്ല.
കോവിഡ് സമയത്ത് നിർത്തലാക്കിയ കെഎസ്ആർടിസി ബസുകൾ ഇനിയും പുനരാരംഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സ്വകാര്യ വാഹനങ്ങളിൽ വലിയ തുക മുടക്കിയാണ് രക്ഷിതാക്കൾ കഴിഞ്ഞവർഷം കുട്ടികളെ സ്കൂളിലേക്ക് അയച്ചിരുന്നത്. ഈ വർഷം സ്കൂൾ തുറക്കുമ്പോഴേക്കും യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അധികൃതർ അന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. മലയോര മേഖലയിൽ സാധാരണക്കാരായ ആളുകളാണ് ഏറെയും. രണ്ടും മൂന്നും കുട്ടികളുള്ളവർക്ക് ഇത്രയും തുകമുടക്കി സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ കഴിയില്ലെന്നും ഈ വർഷമെങ്കിലും കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും രക്ഷിതാക്കൾ പറയുന്നു.
കുടിവെള്ളം കിട്ടാക്കനി
ജില്ലയിലെ പല സ്കൂളുകളിലും കുടിവെള്ളം കിട്ടാക്കനിയാണ്. വേനല്‍മഴ തെക്കന്‍ ജില്ലകളിൽ വ്യാപകമായി ലഭിച്ചുവെങ്കിലും വടക്കന്‍ കേരളത്തില്‍ മഴകിട്ടാത്ത പ്രദേശങ്ങളാണ് കൂടുതല്‍. രണ്ടും മൂന്നും മഴ കിട്ടിയ സ്ഥലങ്ങളിലെ കിണറുകളിലേയും വെള്ളം കനത്ത ചൂടില്‍ വറ്റിയ നിലയിലാണ്.ചൂടിന്റെ കാഠിന്യം മുതിര്‍ന്നവര്‍ക്കുപോലും താങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിഞ്ചുകുട്ടികളുള്‍പ്പെടെ എങ്ങനെ സഹിക്കുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്.
കുട്ടികള്‍ സ്കൂളുകളിലെത്തിയാലും സ്ഥിതി ദയനീയമാണ്. സ്കൂളുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധ്യാപക പരിശീലനം പോലും മാറ്റിവച്ച സാഹചര്യമാണുള്ളത്. ഉയര്‍ന്ന താപനിലയും അസ്വാസ്ഥ്യമുണ്ടാക്കുന്ന കാലാവസ്ഥയുമാണ് ഇപ്പോഴുള്ളത്.സ്കൂളുകളില്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമുണ്ടാക്കി നൽകുകയെന്നത് സ്കൂള്‍ അധികൃതര്‍ക്കുമുന്നില്‍ വലിയ വെല്ലുവിളിയാണ്. കൊടുംചൂടിനെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമുണ്ട്. അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് അഥോറിറ്റി നല്കിയ നിര്‍ദ്ദേശങ്ങളിലൊന്ന്.
സ്കൂൾ അടുക്കള ശുചിത്വം ആരുടെ ഉത്തരവാദിത്വം?
സ്കൂളുകളിൽ ഭക്ഷ്യവിഷബാധയും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു പുറമെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ സ്കൂളുകളിലും പരിശോധന നടത്തണമെന്ന നിർദേശമുണ്ടെങ്കിലും ജില്ലയിലെ പല സ്കൂളുകളിലും ഇതൊന്നും പാലിക്കുന്നില്ലെന്ന് ആക്ഷേപം. പാചകം ചെയ്യുന്ന സ്ഥലം, പാചകത്തിനുപയോഗിക്കുന്ന വെള്ളം, ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കണം, പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടോ എന്ന കാര്യം പരിശോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങൾ ഒരോ വിദ്യാലയങ്ങളും നിര്‍ബന്ധമായി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നത്.
എന്നാൽ ഇവ പാലിച്ചില്ലെന്ന് മാത്രമല്ല, ചില വിദ്യാലയങ്ങളിലെ അടുക്കളയില്‍ ഒട്ടും ശുചിത്വമില്ലാത്ത സ്ഥിതിയാണ്. കുട്ടികള്‍ക്ക് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പല സ്കൂളുകളില്‍ സ്റ്റോര്‍ റൂമുകള്‍ ഇല്ല.
ചിലയിടത്താവട്ടെ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം എലികളും മറ്റ് കീടങ്ങളും വാസമുറപ്പിച്ചിരുക്കുകയാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലാത്ത ജോലികാരണം അപകടത്തിലാവുന്നത് തങ്ങളുടെ കുട്ടികളാണെന്നും രക്ഷിതാക്കൾ പറയുന്നു.