വീണ്ടും ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്ന് കിഫ
1298920
Wednesday, May 31, 2023 7:27 AM IST
കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ ജനവാസ മേഖലകൾ അതിർത്തിയായി വരുന്ന പ്രദേശങ്ങളിൽ പൂജ്യം കിലോമീറ്റർ ആയിരിക്കണം കരുതൽ മേഖല എന്ന ജനപ്രതിനിധികളുടെ ബഫർസോൺ യോഗ തീരുമാനം അട്ടിമറിച്ചുകൊണ്ട് വനം വകുപ്പ് നൽകിയ ചീങ്കണ്ണി പുഴയോരത്തെ 50 മീറ്റർ ബഫർസോൺ പ്രപ്പോസലായി നിലനിൽക്കുന്നതിനാൽ സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ വീണ്ടും സംയുക്ത ബഫർസോൺ കമ്മിറ്റി യോഗം ചേരണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ വനം വകുപ്പിന്റെ വീഴ്ചകളെക്കുറിച്ച് പരിശോധിക്കുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും 50 മീറ്റർ കരുതൽ മേഖല എന്നതു മാറ്റി പൂജ്യം കിലോമീറ്റർ എന്ന തീരുമാനം കൈക്കൊള്ളുകയും പുതിയ ശിപാർശ അയക്കേണ്ട നടപടികൾ സ്വീകരിക്കുകയും ഇക്കാര്യങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ആറളം വന്യജീവി സങ്കേതത്തിന്റെ കേളകം പഞ്ചായത്തിൽ അതിർത്തി പങ്കിടുന്ന വാർഡുകളിലെ ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയവരേയും യോഗത്തിൽ പങ്കെടുപ്പിച്ച് പ്രദേശവാസികൾക്ക് അനുകൂലമായ നിലപാട് എടുപ്പിക്കണമെന്നും കിഫ ആവശ്യപ്പെട്ടു.
ഇതോടൊപ്പം കേളകം ഗ്രാമപഞ്ചായത്ത് ഭരണസമിതി വനം വകുപ്പ് നടപടിക്കെതിരെ പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കൈമാറുകയും വേണം. കരുതൽ മേഖല 50 മീറ്റർ ആക്കി പ്രഖ്യാപിച്ചതിനെതിരെ പ്രദേശത്തെ 5000 ആളുകൾ ഒപ്പിടുന്ന ഭീമഹർജി കിഫയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഇവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ, സെക്രട്ടറി റോബിൻ മുഞ്ഞനാട്ട്, സംസ്ഥാന കമ്മിറ്റി അംഗം ജിജി മുക്കാട്ടുകാവുങ്കൽ, കേളകം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ജോസഫ് ആഞ്ഞിലിവേലിൽ, പ്രവീൺ താഴത്തെമുറി, മാത്യു തൈവേലിക്കകത്ത്, വിനോദ് കളപ്പുരക്കൽ തുടങ്ങിയവരും ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുത്തു.