തെരുവുനായ ഓടിച്ചു: വിദ്യാർഥിക്ക് പരിക്ക്
1298917
Wednesday, May 31, 2023 7:27 AM IST
മട്ടന്നൂർ: തെരുവ് നായയുടെ അക്രമത്തിൽ നിന്ന് രക്ഷപെട്ട് ഓടവെ വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. ബാവോട്ടുപാറ മുണ്ടോറപൊയിലിലെ ലത്തീഫിന്റെ മകൻ പി.പി. ശമീർ (15) നാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. പള്ളിയിലേക്ക് പോകവെ വിദ്യാർഥിയെ തെരുവുനായ ഓടിക്കുകയായിരുന്നു. വിദ്യാർഥിയുടെ പിറകെ തെരുവുനായ ഓടുന്നത് പിന്നിൽ നിന്ന് വരികയായിരുന്ന പിക്കപ്പ് വാൻ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിദ്യാർഥി നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ബാവോട്ടുപാറ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മദ്രസയിലേക്ക് പോകുകയായിരുന്ന ബാവോട്ടുപാറ ബൈത്തുൽ റബീ വീട്ടിൽ ശംശാദിന്റെ മകൻ സിദാന് (9) നേരെ നായ അക്രമം നടത്തിയിരുന്നു.