സിഎച്ച് സെന്റർ; വ്യാജ വാർത്തകൾക്കെതിരേ നിയമ നടപടി സ്വീകരിക്കും: മുസ്ലിംലീഗ്
1298916
Wednesday, May 31, 2023 7:27 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിക്കു സമീപം മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന സിഎച്ച് സെന്ററിനും അതിന്റെ ഭാരവാഹികൾക്കുമെതിരേ ചിലർ തെറ്റായ ആരോപണങ്ങൾ അഴിച്ചുവിടുകയാണെന്നും, അതിൽ മാധ്യമങ്ങൾ വീഴരുതെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ഥാപനത്തിന്റെ ഫണ്ട് ശേഖരണത്തിനായി നടത്തിയ പരിപാടികളിലോ മറ്റു പ്രവർത്തനങ്ങളിലോ യാതൊരു ക്രമക്കേടുമുണ്ടായിട്ടില്ല. കമ്മിറ്റിയിൽ യാതൊരുവിധ ഭിന്നതയും ഇല്ല. ഇത്തരം വ്യാജ വാർത്തകളിലൂടെ മുസ്ലിംലീഗ് പാർട്ടി, ദീനുൽ ഇസ്ലാംസഭ, കണ്ണൂർ സിഎച്ച് സെന്റർ, ഹിഫ്ജൽ ഖുറാൻ കോളജ് എന്നീ സംരംഭങ്ങളെ താറടിച്ചുകാണിക്കാനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും സാമൂഹികമായും പ്രതിരോധിക്കും. ഇത്തരം ദുഷ്പ്രചാരണങ്ങൾക്കും വ്യാജ വാർത്തകൾക്കുമെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ചേലേരി പറഞ്ഞു.
കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം ആദ്യ രണ്ടര വർഷം കോൺഗ്രസിനും അവശേഷിക്കുന്ന കാലം മുസ്ലിം ലീഗിനുമെന്നാണ് ധാരണ. ഇക്കാര്യത്തിൽ മുസ്ലിംലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അബ്ദുൾ കരീം ചേലേരി പറഞ്ഞു.
മൂന്ന് വർഷം മേയർ പദവി വേണമെന്നത് കോൺഗ്രസിന്റെ അഭിപ്രായം മാത്രമാണ്. ഇക്കാര്യത്തിൽ ചർച്ച നടക്കുന്പോൾ ലീഗിന്റെ നിലപാട് അറിയിക്കും. രണ്ടര വർഷം പൂർത്തിയാക്കുന്ന മുറയ്ക്ക് മേയർ സ്ഥാനം മുസ്ലിംലീഗിന് കൈമാറണമെന്ന് കാണിച്ച് ഡിസിസി പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്.
പള്ളിപ്രം ഡിവിഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ തിരക്കിലായതിനാലാണ് ഇക്കാര്യത്തിൽ ചർച്ച നടക്കാതിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ഉടൻ മേയർ പദവി സംബന്ധിച്ച കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ നേതാക്കളായ ഫാറുഖ് വട്ടപ്പൊയിൽ, സി. സമീർ, ടി.എ. താഹിർ എന്നിവരും പങ്കെടുത്തു.