ധർണ സംഘടിപ്പിച്ചു
1298913
Wednesday, May 31, 2023 7:27 AM IST
പേരാവൂർ: ഒരുലക്ഷം തൊഴിൽദാന പദ്ധതി അംഗങ്ങൾ ധർണാസമരം സംഘടിപ്പിച്ചു. ബ്ലോക്കിന്റെ കീഴിലുള്ള കൃഷിഭവനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾ പേരാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ധർണാസമരം നടത്തി. 60 വയസ് കഴിഞ്ഞിട്ടും അപേക്ഷ കൊടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷനും ഗ്രാറ്റിവിറ്റിയും ലഭിക്കാത്തതിലും തുടർ പെൻഷൻ ലഭിക്കാൻ കാലതാമസം നേരിടുന്നതിനും കാലാനുസൃതമായ പെൻഷൻ തുക വർധിപ്പിക്കാത്തതിനും കാർഷിക വികസന സമിതി പദ്ധതിയിൽ പ്രതിനിധികളെ ഉൾപ്പെടുത്താത്തതിനും എതിരെയാണു ധർണ നടത്തിയത്.
മരണപ്പെടുന്ന അംഗങ്ങളുടെ നോമിനിക്ക് ഒരുലക്ഷം രൂപയായ വാഗ്ദാനസംഖ്യ ലഭ്യമാക്കണം. വന്യജീവികളുടെ ശല്യത്തിൽ നിന്ന് കാർഷികവിളകൾക്കും മരണമടയുന്ന മനുഷ്യർക്കും നഷ്ടപരിഹാരം വർധിപ്പിക്കണം. 1972ലെ വനം വന്യജീവി ആക്ട് തിരുത്തി കർഷകർക്ക് അനുകൂലമായ പുതിയ നിയമനിർമാണം നടത്തണമെന്നും കൃഷി നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ കൊല്ലാനുള്ള അനുവാദം ഉണ്ടാകണമെന്നും സമരത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിൻസൺ, ജില്ലാ സെക്രട്ടറി ജോർജ് പാമ്പാടി, ജോയ് എരുവേരി, ജില്ലാ ഐടി കോ-ഓർഡിനേറ്റർ ബാലകൃഷ്ണൻ, വത്സമ്മ മാത്യു, ബേബി ജോൺ തെങ്ങുംപള്ളി, സുരേഷ് കാക്കയങ്ങാട് എന്നിവർ പ്രസംഗിച്ചു.