മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ അതിർത്തി നിർണയ സർവേ പൂർത്തിയായി
1298910
Wednesday, May 31, 2023 7:25 AM IST
ഇരിട്ടി: മാനന്തവാടി-കണ്ണൂർ വിമാനത്തവളം റോഡിന്റെ അതിർത്തി നിർണയ സർവേ പൂർത്തിയായതായും സംയുക്ത പരിശോധന ഉടൻ ആരംഭിക്കുമെന്നും പേരാവൂർ നിയോജക മണ്ഡലം പൊതുമരാമത്ത് വകുപ്പ് അവലോകന യോഗത്തിൽ അറിയിച്ചു. മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ സണ്ണി ജോസഫ് എംഎൽഎ യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി.
ഫണ്ട് അനുവദിച്ച അറ്റകുറ്റപ്പണികൾ പോലും ചെയ്യാൻ സാധിച്ചിട്ടില്ല. അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡിൽ ഉൾപ്പെടെ ജനങ്ങൾക്ക് ആക്ഷേപങ്ങൾ ഉണ്ട്. പാലത്തുംകടവിൽ തകർന്ന ഭാഗവും അങ്ങാടിക്കടവിലെ ഭൂഗർഭ കേബിൾ പ്രവർത്തിയും കച്ചേരികടവിൽ നിർമാണം ഇനിയും നടത്താത്ത ഭാഗത്തെ നവീകരണവും ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കണം.
ഓവുചാലുകളിൽ വെള്ളം ഒഴുകുന്നു എന്ന് ഉറപ്പാക്കണം.
ഫണ്ടിന്റെ അപര്യാപ്തതയും യോഗത്തിൽ ചർച്ചയായി. 29 റോഡുകൾക്ക് നാലു കോടിയുടെ പണിക്ക് ശുപാർശ നൽകിയതായി മെയിന്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എം.പി. റസ്മിൽ അറിയിച്ചു. കെട്ടിട നിർമാണ പ്രവർത്തികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തതായി കെട്ടിട നിർമാണ വിഭാഗം എക്സിക്യൂട്ടിവ് എൻജിനിയർ പി. സനില പറഞ്ഞു. ഇരിട്ടി-പേരാവൂർ, മാടത്തിൽ-കീഴ്പ്പള്ളി, ഇരിട്ടി-ഉളിക്കൽ-മാട്ടറ തുടങ്ങിയ റോഡുകൾ വീതികൂട്ടി മെക്കാഡം ടാറിംഗോടെ നവീകരിക്കുന്നതിന് വകുപ്പ് തലത്തിൽ ശ്രമം നടത്താൻ തീരുമാനിച്ചു.
കേളകം-അടയ്ക്കാത്തോട് റോഡ് നവീകരണം വൈകുന്നതിൽ എംഎൽഎ ആശങ്ക അറിയിച്ചു. മഴക്കാലം തുടങ്ങിയതിനാൽ പ്രവൃത്തി ഉടൻ ആരംഭിക്കാൻ കഴിയില്ലെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ യോഗത്തെ അറിയിച്ചു.
യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനിയർ ഷാജി തയ്യിൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ ഷീല ചോറൻ, പി. സജിത്ത്, കെഎസ്ടിപി അസിസ്റ്റന്റ് എൻജിനിയർ പി. ദിലീപ് നായർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ചുരം റോഡ് അറ്റകുറ്റപണി രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാവും
അമ്പായത്തോട്-പാൽചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാവും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പൂർണതോതിൽ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് ഉടൻ പൂർത്തിയാക്കും.
റോഡിന്റെ എസ്റ്റിമേറ്റ് എടുക്കുമ്പോൾ മേഖലയിലെ ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും അഭിപ്രായം തേടുന്നത് നന്നായിരിക്കുമെന്ന് എംഎൽഎ പറഞ്ഞു.