കരിങ്കൽ ക്വാറികൾക്കെതിരേ മലയോരത്ത് വൻ പ്രതിഷേധം
1298904
Wednesday, May 31, 2023 7:25 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കരിങ്കൽ ക്വാറികൾക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. മലയോരങ്ങൾ കേന്ദ്രീകരിച്ചാണ് ചെറുപുഴ പഞ്ചായത്തിൽ ക്വാറികൾ പ്രവർത്തിക്കുന്നത്.
കല്ല് പൊട്ടിക്കാൻ നീക്കം ചെയ്ത ആയിരക്കണക്കിന് ലോഡ് മണ്ണ് തള്ളുന്നതാണ് പ്രധാന പ്രശ്നമായി മാറിയിരിക്കുന്നത്. രാജഗിരി ക്വാറിയിൽ നിന്ന് കല്ല് പൊട്ടിക്കുവാൻ നീക്കിയ മണ്ണ് മുഴുവൻ രാജഗിരി-ജോസ്ഗിരി റോഡരികിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിന് താഴെയുള്ള ഒരു ചെറുതോടും മൂടിപ്പോകുവാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ മണ്ണ് ഇടിഞ്ഞ നിലയിലാണ്. ശക്തമായ മഴയിൽ ‘മണ്ണ്മല’ മുഴുവനായും താഴേയ്ക്ക് പതിക്കും. ഇങ്ങനെ സംഭവിച്ചാൽ രാജഗിരി ടൗണും താഴെയുളള നിരവധി വീടുകളും നാമാവശേഷമാകും. കഴിഞ്ഞ വർഷമുണ്ടായ മലവെള്ളപ്പാച്ചിൽ ഇതിന്റെ സൂചനയാണ് നൽകുന്നത്.
രണ്ട് കരിങ്കൽ ക്വാറികളാണ് രാജഗിരിയിൽ പ്രവർത്തിക്കുന്നത്. ജനജീവിതത്തിന് ഇത്രയും ഭീഷണി ഉയർത്തുന്ന ഈ ക്വാറികൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി പരാതികളാണ് അധികൃതർക്ക് നൽകിയിരിക്കുന്നത്. പൊടിശല്യവും ശബ്ദ മലിനീകരണവും രൂക്ഷമാണ് അലർജിപോലുള്ള അസുഖങ്ങൾ കുട്ടികൾക്കുൾപ്പെടെ പിടിച്ചു കഴിഞ്ഞു. രാജഗിരി-ജോസ്ഗിരി റോഡിൽ ഗതാഗതത്തിന് തടസമാകുന്നവിധമാണ് ലോറികളിൽ കല്ല് കയറ്റുന്നതെന്നും പരാതി ഉയർന്നിരിക്കുകയാണ്.
രാജഗിരി മരുതുംതട്ട് ഭാഗത്തെ ക്വാറി ഒരു മലതന്നെ ഇല്ലാതാകുന്ന വിധമാണ് പ്രവർത്തിക്കുന്നത്. പരിസ്ഥിതിയ്ക്ക് ദോഷകരമായ വിധമാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് ആർക്കും മനസിലാകും. രാസവസ്തുക്കൾ കലർന്ന വെള്ളം ക്വാറികളിൽ നിന്ന് തോടുകളിലേയ്ക്ക് ഒഴുന്നതായും പ്രദേശവാസികൾ പറഞ്ഞു.
ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ് ക്വാറിയും ജനജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നിരുന്നു. മലമുകളിലാണ് ഇതു പ്രവർത്തിക്കുന്നത്. കല്ല് പൊട്ടിക്കുവാൻ നീക്കം ചെയ്ത മണ്ണ് ഇവിടെ വലിയ ഭീഷണിയാണ്. ശക്തമായ മഴയിൽ മണ്ണ് ഒഴുകി താഴേയ്ക്ക് പതിച്ചാൽ വൻ അപകടമാണുണ്ടാകുക.
നാട്ടുകാരുടേയും ചെറുപുഴ പഞ്ചായത്തിന്റേയും പരാതിയെതുടർന്ന് ഉന്നതതല ഉദ്യോഗസ്ഥ സംഘം രാജഗിരിയിലേയും ചൂരപ്പടവിലേയും ക്വാറികൾ സന്ദർശിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംഘം ഉറപ്പ് നൽകി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറും മറ്റ് ജനപ്രതിനിധികളും സംഘത്തോടൊപ്പമുണ്ടായിരുന്നു.