മാടായി പഞ്ചായത്തിൽ രാത്രികാലങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം: ജനം ഭീതിയിൽ
1298545
Tuesday, May 30, 2023 1:21 AM IST
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ രാത്രി കാലങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം. ദിവസങ്ങളായി തുടരുന്ന അതിക്രമം പരിധി വിട്ടതോടെ ഭീതിയിലായിരിക്കുകയാണു നാട്ടുകാർ. അജ്ഞാതനെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൊടുക്കാതെ വിളയാട്ടം തുടരുകയാണ്. പൊക്കം കൂടിയ മുടി നീട്ടിവളർത്തിയ അക്രമിയെ കഴിഞ്ഞ ദിവസം പിടികൂടാൻ ശ്രമിച്ച ഒരു യുവാവിന്റെ നെഞ്ചിന് ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതോടെ സന്ധ്യയായാൽ പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്.
വീടുകളുടെ മുൻ വശത്തെ വാതിലിൽ തട്ടി നിമിഷങ്ങൾക്കുള്ളിൽ പിറകുവശത്തും വാതിലിനും ചില വീടുകളുടെ ഗ്രിൽസിനും ശക്തിയായി ഇടിക്കുകയാണ് ഇയാളുടെ രീതിയത്രെ. ചില വീടുകളുടെ രണ്ടാം നിലയിൽ കയറി വാതിലിന് മുട്ടുന്ന ഇയാൾ നിമിഷങ്ങൾക്കുള്ളിൽ രണ്ടാം നിലയിൽ നിന്ന് നേരെ താഴേക്ക് ചാടി മറയുന്നതും അത്ഭുതകരമാണ്. പല വീടുകളുടെയും വൈദ്യുതി ബന്ധം വിഛേദിച്ചാണ് പരാക്രമം. സ്ഥിതി ഗുരുതരമായതോടെ ശക്തമായ പോലീസ് നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.