മെക്കാഡം റോഡ് നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം
1298544
Tuesday, May 30, 2023 1:21 AM IST
തടിക്കടവ്: ലോകോത്തര നിലവാരത്തിൽ നിർമിക്കുമെന്നു പറഞ്ഞ് വർഷങ്ങൾക്ക് മുൻപ് പ്രവൃത്തിയാരംഭിച്ച കാട്ടാമ്പള്ളി-ചപ്പാരപ്പടവ്-ചാണോക്കുണ്ട്-തടിക്കടവ് മെക്കാഡം റോഡ് നിർമാണം ഈ കാലവർഷത്തിനു മുൻപ് പൂർത്തീകരിക്കാത്തതിൽ കോൺഗ്രസ് തടിക്കടവ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
70 കോടിയോളം രൂപ മുടക്കി 12 മീറ്റർ വീതിയോടു കൂടി നവീകരിക്കുന്ന 18 കിലോമീറ്റർ റോഡിനാണ് ഈ ഗതി. പ്രവൃത്തി ആരംഭിച്ചിട്ട് അഞ്ചു വർഷത്തോളമായി. ഇതിനിടെ പലപ്പോഴായി പ്രവൃത്തി നിർത്തിവച്ചിരുന്നു. ടാറിംഗ് ഏതാണ്ട് പൂർത്തീകരിച്ചെങ്കിലും കാട് കയറുന്നതൊഴിവാക്കാൻ റോഡ് വശം കോൺക്രീറ്റ് ഉൾപ്പെടെയുള്ള അനുബന്ധ ജോലികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.
ഇതു സംബന്ധിച്ച് അധികൃതർക്ക് പലപ്പോഴായി നൽകിയ നിവേദനങ്ങൾക്ക് നടപടിയില്ല. തുടക്കത്തിൽ പറഞ്ഞ പല വ്യവസ്ഥകളും റോഡ് നവീകരണത്തിൽ പാലിക്കപ്പെട്ടില്ലായെന്ന് യോഗം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് ജോസഫ് ഉഴുന്നുപാറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മമ്മു കായക്കൂൽ, ജോസ് ഏത്തക്കാട്ട്, മൈക്കിൾ പാട്ടത്തിൽ, ജോസ് വെട്ടുകല്ലാംകുഴി, സജി കിടാരത്തിൽ, മോനി ജോസഫ്, ടി.ജെ. റെജി, സിനി റോയിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.