മാടായി പഞ്ചായത്തിൽ രാത്രികാലങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം: ജനം ഭീതിയിൽ
1298537
Tuesday, May 30, 2023 1:20 AM IST
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ രാത്രി കാലങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം. ദിവസങ്ങളായി തുടരുന്ന അതിക്രമം പരിധി വിട്ടതോടെ ഭീതിയിലായിരിക്കുകയാണു നാട്ടുകാർ. അജ്ഞാതനെ പിടികൂടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൊടുക്കാതെ വിളയാട്ടം തുടരുകയാണ്. പൊക്കം കൂടിയ മുടി നീട്ടിവളർത്തിയ അക്രമിയെ കഴിഞ്ഞ ദിവസം പിടികൂടാൻ ശ്രമിച്ച ഒരു യുവാവിന്റെ നെഞ്ചിന് ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതോടെ സന്ധ്യയായാൽ പുറത്തിറങ്ങാൻ ജനം ഭയക്കുകയാണ്.
വീടുകളുടെ മുൻ വശത്തെ വാതിലിൽ തട്ടി നിമിഷങ്ങൾക്കുള്ളിൽ പിറകുവശത്തും വാതിലിനും ചില വീടുകളുടെ ഗ്രിൽസിനും ശക്തിയായി ഇടിക്കുകയാണ് ഇയാളുടെ രീതിയത്രെ. ചില വീടുകളുടെ രണ്ടാം നിലയിൽ കയറി വാതിലിന് മുട്ടുന്ന ഇയാൾ നിമിഷങ്ങൾക്കുള്ളിൽ രണ്ടാം നിലയിൽ നിന്ന് നേരെ താഴേക്ക് ചാടി മറയുന്നതും അത്ഭുതകരമാണ്.
പല വീടുകളുടെയും വൈദ്യുതി ബന്ധം വിഛേദിച്ചാണ് പരാക്രമം. നാട്ടുകാരും പോലീസും പഞ്ചായത്ത് അംഗവും ഉറക്കമൊഴിഞ്ഞു കാവൽ നിന്നിട്ടും ഇയാളെ പിടികൂടാനായില്ല. സ്ഥിതി ഗുരുതരമായതോടെ ശക്തമായ പോലീസ് നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. മോഷണം അല്ല ഈ അജ്ഞാതന്റെ ലക്ഷ്യമെന്നും മാനസിക രോഗത്തിന് അടിമപ്പെട്ട ആൾ ആകാനാണ് സാധ്യത എന്നും പഞ്ചായത്ത് അംഗം കെ.വി. റിയാസ് പറഞ്ഞു.
മെഡിക്കൽ ഓഫീസർ:
വാക് ഇൻ ഇന്റർവ്യൂ
മൂന്നിന്
കണ്ണൂർ: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0497-2832055.