ഭൂമി നൽകിയിട്ടും താമസിക്കാത്തവരുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും
1298531
Tuesday, May 30, 2023 1:20 AM IST
കണ്ണൂർ: ആറളം ഫാമിൽ ഭൂമി നൽകിയിട്ടും താമസിക്കാൻ താൽപര്യമില്ലാത്തവർ, പ്ലോട്ട് മാറി താമസിച്ചവർ, കൈയേറി താമസിക്കുന്നവർ എന്നിവരെ കണ്ടെത്താൻ നടത്തിയ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കുമെന്ന് ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡവലപ്മെന്റ് മിഷൻ (ടിആർഡിഎം) കേരള നിയമസഭയുടെ പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയെ അറിയിച്ചു.
സ്വന്തമായി ഭൂമിയില്ലാത്ത 3227 പേർക്ക് ആറളം ഫാമിൽ കൈവശ രേഖ നൽകിയതായി ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു. 1484 പേരാണ് നിലവിൽ സ്ഥിരമായി താമസിക്കുന്നത്. സംയുക്ത പരിശോധനാ റിപ്പോർട്ട് ഊരുകൂട്ടത്തിൽവച്ച് അതിന്റെ ശിപാർശ പരിഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായ ജനകീയ സമിതിക്ക് സമർപ്പിക്കും. റിപ്പോർട്ടിന്റെ കോപ്പി സമിതിക്ക് കൈമാറാൻ ചെയർമാൻ ഒ.ആർ. കേളു എംഎൽഎ നിർദേശിച്ചു.
ആറളം ഫാമിൽ 2008-09 വർഷം സംസ്ഥാന നിർമിതി കേന്ദ്രം മുഖേന നിർമിച്ച സാനിറ്റേഷൻ പോലുമില്ലാത്ത 391 വാസയോഗ്യമല്ലാത്ത വീടുകൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇവർക്ക് പകരം 304 പുതിയ വീട് നൽകിയതായും അവയുടെ നിർമാണം പുരോഗമിക്കുന്നതായും ജില്ലാ ട്രൈബൽ ഓഫീസർ അറിയിച്ചു.
ഒരു ജനപ്രതിനിധിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമിതിക്ക് മുമ്പാകെ ഹാജരാവാതിരുന്ന അന്വേഷണ ഉദ്യോഗസ്ഥനായ തലശേരി എസിപിയോട് തിരുവനന്തപുരത്ത് നേരിട്ട് സമിതി മുമ്പാകെ ഹാജരാവാൻ ആവശ്യപ്പെടാൻ സമിതി തീരുമാനിച്ചു.
ബന്ധപ്പെട്ട ഓഫീസർമാർ ബഹുഭൂരിപക്ഷവും സിറ്റിംഗിൽ പങ്കെടുത്തില്ലെന്ന് ചെയർമാൻ പറഞ്ഞു. പങ്കെടുത്തവർ തന്നെ കാര്യങ്ങൾ പഠിച്ചിട്ടും മനസിലാക്കിയിട്ടും അല്ല വന്നത്. പറഞ്ഞവർ തന്നെ പരസ്പര വിരുദ്ധമായാണ് സമിതിക്ക് മുമ്പാകെ പല കാര്യങ്ങളും പറഞ്ഞിട്ടുളളത്. അതിൽ സമിതിക്ക് പ്രയാസവും അതൃപ്തിയുമുണ്ട്. നാട്ടിലെ സാധാരണ ജനങ്ങളുടെ ചെറുതും വലുതുമായ പരാതികളും വിഷയങ്ങളും നിരന്തരം സമിതിക്ക് അയച്ചിട്ട് അതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും തരാത്തതിനാലാണ് സമിതി നേരിട്ട് വന്നതെന്ന് ചെയർമാൻ പറഞ്ഞു. സമിതി സിറ്റിംഗിൽ പങ്കെടുക്കാൻ അറിയിപ്പ് നൽകിയിട്ടും പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ 10 പരാതികൾ പരിഗണിച്ചു. 14 പുതിയ പരാതികൾ സ്വീകരിച്ചു. അംഗങ്ങളായ ഐ.സി. ബാലകൃഷ്ണൻ, എൻ.എ. നെല്ലിക്കുന്ന്, പി.വി. ശ്രീനിജൻ എന്നീ എംഎൽഎമാർ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, എഡിഎം കെ.കെ. ദിവാകരൻ, അസി. കളക്ടർ മിസാൽ സാഗർ ഭരത്, മറ്റുദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.