ദീപികയുടെ കർഷക പോരാട്ടങ്ങളിലെ സഹചാരി
1298530
Tuesday, May 30, 2023 1:16 AM IST
കുടിയേറ്റവും കൃഷിയും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിയിടങ്ങൾ കണ്ണീർപറന്പായി മാറുന്നതും കടബാധ്യതമൂലം ഇല്ലാതാകുന്ന കർഷകന്റെ ജീവിതവും റബർകർഷകരുടെ പ്രശ്നങ്ങളും വിശന്നപ്പോൾ അന്നം മോഷ്ടിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട മധുവും പ്രളയവും ഉരുൾപൊട്ടലും പരിസ്ഥിതി സംരക്ഷണവുമെല്ലാം അദ്ദേഹത്തിന്റെ വരയുടെ ഭാഗമായി മാറി. 2019 ൽ ദീപിക നടത്തിയ ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിൽ പ്രതിഷേധിക്കാനൊരു രീതിയെന്ന നിലയിലാണ് അച്ചൻ മണ്ണുകൊണ്ട് ചിത്രം വരച്ച് തുടങ്ങിയത്. ഉത്തരമലബാർ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദീപിക ഇറക്കിയ സ്പെഷൽ പതിപ്പിൽ മുഖച്ചിത്രം വരച്ചതും മനോജ് അച്ചനായിരുന്നു.
പൊതുശ്രദ്ധ ആവശ്യമുള്ളൊരു കാര്യത്തെ എങ്ങനെ ജനശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ എത്തിക്കാം എന്ന ആലോചനയിൽ നിന്നാണ് മണ്ണ് ചിത്രം വരയ്ക്കാനായി ഉപയോഗിക്കാമെന്നതിലേക്ക് അച്ചൻ എത്തിയത്. അതിന് അദ്ദേഹം പറഞ്ഞിരുന്ന കാരണം മണ്ണിൽ ചവിട്ടി നിന്നാണ് ഓരോ കർഷകനും അവന്റെ ജീവിതത്തെ കരയ്ക്കടുപ്പിക്കുന്നത്. കർഷകന്റെ വിയർപ്പ് വീണ, വിശന്നപ്പോൾ അന്നം തന്ന, ചവിട്ടി നിൽക്കുന്ന നിലപാടുകളുടെ മണ്ണാണ് അവരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഏറ്റവും നല്ല ഉപാധിയെന്നാണ്. കർഷകരുടെ ഹൃദയ നൊമ്പരങ്ങളായിരുന്നു അദ്ദേഹം തന്റെ കാൻവാസുകളിൽ പകർത്തിയിരുന്നത്. കുടിയേറ്റ കർഷകരുടെ നിലങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണുപയോഗിച്ചാണ് അദ്ദേഹം തന്റെ വിരലുകൾകൊണ്ട് വിസ്മയം തീർത്തിരുന്നത്. ശുശ്രൂഷ ചെയ്തിരുന്ന ഇടവകയായ ചെട്ടിയാപറന്പിൽ വന്യമൃഗശല്യം രൂക്ഷമായിരുന്നു. ഒരുപാട് പേർ ആക്രമത്തിനിരയാവുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ തലശേരി അതിരൂപതയുടെയും ദീപികയുടെയും നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന ഉത്തരമലബാർ കർഷകറാലിയിൽ ഇടവകയിൽ നിന്ന് ശേഖരിച്ച മണ്ണുപയോഗിച്ച് കർഷകന്റെ പ്രശ്നങ്ങളെല്ലാം ഉൾപ്പെടുത്തി വലിയ കാൻവാസിൽ ചിത്രംവരച്ചു റാലിയിൽ സമ്മാനിച്ചു. തുടർന്ന്, പാലായിൽ നടന്ന കർഷക സംഗമത്തിൽ എത്തി രണ്ടുദിവസം കൊണ്ട് കർഷകരുടെ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ കാൻവാസിലാക്കി 'മണ്ണിര' എന്ന പേരിൽ പ്രദർശിപ്പിച്ചു. ദീപികയും ഫ്രണ്ട്സ് ക്ലബും നടത്തിയ കേരള കർഷക ജാഥയിലും മനോജ് അച്ചന്റെ അടയാളപ്പെടുത്തലുകൾ ഉണ്ടായിരുന്നു. മനോജ് അച്ചൻ നിർമിച്ച ഉറങ്ങുന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ മണ്ണിൽ തീർത്ത ശിൽപം തലശേരി അതിരൂപതയുടെ പിതാക്കൻമാർ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.