മണ്ണിൽ നിലപാടുകൾ വരച്ചുചേർത്ത വൈദികൻ
1298529
Tuesday, May 30, 2023 1:16 AM IST
അനുമോൾ ജോയ്
കണ്ണൂർ: മണ്ണ് കർഷകൻ ചവിട്ടി നിൽക്കുന്ന ഇടമാണ്... അവരുടെ പ്രശ്നങ്ങൾ പറയുമ്പോൾ അത് മണ്ണുകൊണ്ടായിരിക്കണം.... ഇന്നലെ കാറപകടത്തിൽ മരിച്ച തലശേരി അതിരൂപതയിലെ വൈദികനായ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ വാക്കുകളാണിവ. മണ്ണിന്റെ വ്യത്യസ്ത നിറങ്ങൾക്കൊണ്ടും രീതി കൊണ്ടും കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച പ്രിയ വൈദികന്റെ പെട്ടെന്നുള്ള വേർപാടിന്റെ ഞെട്ടലിലാണ് എല്ലാവരും. ഇന്നലെ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഫാ. മനോജ് ഒറ്റപ്ലാക്കൽ യാത്രയായപ്പോൾ നഷ്ടമായത് തന്റെ വിരലുകൾകൊണ്ട് കർഷകരുടെ പ്രശ്നങ്ങൾക്കായി പൊരുതിയ ഒരു പോരാളിയെയാണ്. ആനുകാലിക, സാമൂഹിക പ്രശ്നങ്ങളാണ് എക്കാലവും അച്ചൻ തന്റെ ചിത്രങ്ങളിലൂടെ ജനങ്ങളിൽ എത്തിച്ചിരുന്നത്. തന്റെ ചിത്രങ്ങളിലൂടെ ജനങ്ങളിൽ അവബോധം വളർത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യണമെന്നതായിരുന്നു ലക്ഷ്യം.
കാലം മായ്ക്കാത്ത
ചിത്രങ്ങൾ
ബിഎഡ് പഠനകാലത്ത് കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ "വിശ്രമം' എന്ന വിഷയത്തിൽ അച്ഛന്റെ മടിയിൽ ഉറങ്ങുന്ന പെൺകുട്ടിയുടെ ചിത്രം മെനഞ്ഞെടുത്തത് സമ്മാനാർഹമായി. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള അച്ചന്റെ നിലപാടായിരുന്നു അത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചിത്രകലയോടുള്ള തന്റെ ഇഷ്ടം തിരിച്ചറിഞ്ഞത്. മറ്റ് കുട്ടികൾ ചിത്രം വരയ്ക്കുന്നത് നോക്കിനിന്ന് സമയം ചെലവഴിച്ചിരുന്നു. സെമിനാരി പഠനകാലത്താണ് ചിത്രകലയോട് കൂടുതൽ അടുത്തതും പരീക്ഷണങ്ങൾ തുടങ്ങിയിരുനന്നതും. മൺശില്പങ്ങൾ, സിമന്റ് ശില്പങ്ങൾ, തുടങ്ങിയവയെല്ലാം നിർമിച്ചിരുന്നു. ഔദ്യോഗികമായി പഠിച്ചതിന്റെ മികവൊന്നും പറയാനില്ലെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ചിത്രകലയെ വിസ്മയമാക്കി തീർത്തിരുന്നു അദ്ദേഹം. കാലം മായിച്ചുകളയാത്ത ചില സത്യങ്ങളെ മനോജ് അച്ചൻ കാൻവാസിൽ കോറിയിട്ടപ്പോൾ അത് മാഞ്ഞുപോകാതെ എല്ലാവരുടെയും മനസിൽ നിറഞ്ഞു നിൽക്കുന്നു.
പ്രിയ അധ്യാപകൻ
ചിത്രകലപോലെ തന്നെ മനോജ് അച്ചന് ഏറെ പ്രിയപ്പെട്ടതായിരുന്നു അധ്യാപന ജീവിതം.അതുകൊണ്ടാണ് ബിഎഡ് തെരഞ്ഞെടുത്തതും. മലയാളം ആയിരുന്നു ഇഷ്ടവിഷയം. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അച്ചനെ അധ്യാപകർക്കൊക്കെ ഏറെ ഇഷ്ടമായിരുന്നു. റാങ്കോട് കൂടിയാണ് ബിഎഡ് പഠനം അദ്ദേഹം പൂർത്തീകരിച്ചത്. മലയാള സാഹിത്യം വളരെ ആകർഷകമായ രീതിയിലാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. തലശേരി മൈനർ സെമിനാരിയിലെ മലയാള അധ്യാപകനും സാൻജോസ് മെട്രോപ്പൊളിറ്റൻ സ്കൂളിന്റെ മാനേജരുമായിരുന്നു. അച്ചൻ ജോലി ചെയ്തിരുന്ന ചെട്ടിയാംപറന്പ് ഇടവകയിൽ രണ്ട് കോളനികൾ ഉണ്ടായിരുന്നു. ഇവിടെ പാവപ്പെട്ടവരായ കുറച്ച് കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. സാധാരണ സ്കൂളുകളിൽ കാണുന്ന ചുമർ ചിത്രങ്ങളൊന്നും അവിടെ ഇല്ലായിരുന്നു. ഒരിക്കൽ സ്കൂളിൽ എത്തിയ മനോജച്ചന്റെ ശ്രദ്ധയിൽ പ്പെട്ടതോടെ സ്കൂളിന്റെ ചുമരുകൾ വർണാഭമായി. പാവപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അച്ചൻ എന്നും ശ്രമിച്ചിരുന്നു. ഹൃദയം കവരുന്ന നിഷ്കളങ്കമായ പുഞ്ചിരികൊണ്ടും ഹൃദ്യമായ സംസാരം കൊണ്ടും ഏവരുടെയും മനംകവരുന്ന വൈദികനായിരുന്നു അദ്ദേഹം.