വീട് കുത്തിത്തുറന്ന് 20 പവനും പണവും കവർന്നു
1298212
Monday, May 29, 2023 12:47 AM IST
ഇരിക്കൂർ: പടിയൂർ കല്ലുവയലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും, 22,000 രൂപയും കവർന്നു.കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്കുന്നേല് ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന കവർച്ചാ സംഘം അലമാരകൾ തകർത്താണ് സ്വർണ കോയിനടക്കമുള്ള സ്വർണാഭരണങ്ങളും പണവും കവർന്നത്. വിവരമറിഞ്ഞ്ഇരിക്കൂർ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി കാമറ തകർത്ത നിലയിലാണ്. കഴിഞ്ഞ 16 നാണ് ബെന്നി ഗൾഫിൽ നിന്നും എത്തിയത്. വീട്ടിൽ വിരലടയാള സംഘവും ഡോഗ് സംഘവും പരിശോധിച്ചു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഞായറാഴ്ച രാവിലെ 7.15 നും 9.15 നുമിടയിലാകാം കവർച്ച നടന്നതെന്നാണ് ബെന്നി ജോസഫ് പറയുന്നത്. ഭാര്യ ഷീബയും രണ്ടു കുട്ടികളോടുമൊപ്പം രാവിലെ 7.15 ഓടെ പള്ളിയിൽ പോയി 9.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മുൻ വശത്തെ വാതിൽ തുറന്നതായും അലമാര തകർത്ത് തുണികൾ വാരിവലിച്ചിട്ട നിലയിൽ കണ്ടതെന്നും ബെന്നി പറഞ്ഞു.നാട്ടുകാരുടെ നേതൃത്വത്തിൽ പരിസരത്തെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മഞ്ഞ നിറത്തിലുള്ള സ്കൂട്ടറിൽ രണ്ട് യുവാക്കൾ ഈ ഭാഗത്ത് വന്നതായി കാമറ കളിൽ കണ്ടതായി പോലീസിനെ അറിയിച്ചിട്ടുണ്ട്. കല്ലുവയൽ ചുള്ളിയോട് വഴിയാണ് ഇവർ പോയത്. ഇവരെ രാവിലെ പലരും റോഡിൽ കണ്ടിരുന്നതായും പറയുന്നു.