ഫാ. ജയിംസ് മൊന്തനാരിയുടെ സ്മരണയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1298199
Monday, May 29, 2023 12:46 AM IST
പയ്യന്നൂര്‍: ആറര പതിറ്റാണ്ട് മുമ്പ് കുരിശുമുക്കില്‍ ഡിസ്പെന്‍സറി സ്ഥാപിച്ച് ആരോഗ്യ പരിപാലനരംഗം തന്റെ സേവനത്തിന്റെ ഭാഗമാക്കി മാറ്റിയ ഇറ്റാലിയന്‍ മിഷനറിയായ ഫാ. ജയിംസ് മൊന്തനാരിയുടെ സ്മരണയില്‍ ഏഴിമലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജീവിത ശൈലീ രോഗനിയന്ത്രണ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും പരിശോധനകളും മരുന്നുവിതരണവുമാണ് സൗജന്യമായി നടത്തിയത്.
ഏഴിമല മൊന്തനാരി നഗറിലെ ഫാ. മൊന്തനാരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഫാ. ജയിംസ് മൊന്തനാരി സ്മാരക ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി ചെയര്മാന് ഫാ. ബിനോയ് തോമസ് നിര്‍വഹിച്ചു. സബ് കമ്മിറ്റി കണ്‍വീനര്‍ ജാക്സന് ഏഴിമല, വാര്‍ഡ് മെംബര്‍ സുമതി എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അഹമ്മദ് നിസാര്‍ ജീവിത ശൈലീ രോഗങ്ങളെപ്പറ്റിയും പരിഹാര മാര്‍ഗങ്ങളെപ്പറ്റിയും ക്ലാസെടുത്തു.
ക്യാന്പിന്റെ ഭാഗമായി കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിച്ചു. പയ്യന്നൂര്‍ നഗരസഭ വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ ജബ്ബാറും രോഗികളെ പരിശോധിച്ചു. നഴ്സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഇടവകാംഗങ്ങളെ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിന്റെ ഭാഗമായുള്ള പ്രഷര്‍, ഷുഗര്‍, അമിതവണ്ണ പരിശോധനകളും മരുന്നുവിതരണവും നടത്തിയത്.
ഫാ. ജയിംസ് മൊന്തനാരി സ്മാരക ഗോള്‍ഡന്‍ ജൂബിലിയുടെ അനുബന്ധ പരിപാടിയായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.