വനം വകുപ്പിന്റെ ഗൂഢനീക്കത്തിനെതിരേ അവസാനം വരെ പോരാടും: അലക്സ് ഒഴുകയിൽ
1298198
Monday, May 29, 2023 12:46 AM IST
അടയ്ക്കാത്തോട്: ജനങ്ങളെ ദ്രോഹിക്കാനുള്ള വനം വകുപ്പിന്റെ ഗൂഢനീക്കത്തിനെതിരേ അവസാനംവരെ പോരാടുമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ. കർഷകരെ തന്റെ കൃഷിയിടത്തിൽ നിന്ന് ഇറക്കി വനം വർധിപ്പിക്കാനുള്ള ശ്രമമാണ് ഒളിഞ്ഞും, തെളിഞ്ഞും വനം വകുപ്പ് നടത്തുന്നത്.
ഇതിന്റെ ഭാഗമായാണ് ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ 50 മീറ്റർ ബഫർ സോൺ പ്രപ്പോസൽ നൽകിയിരിക്കുന്നത്. കിഫയുടെ നേതൃത്വത്തിൽ അടയ്ക്കാത്തോട് ടൗണിൽ സംഘടിപ്പിച്ച ജനകീയ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളെയും, ജനപ്രതിനിധികളെയും തൃണവത്കരിച്ച് സമാന്തര സർക്കാർ സംവിധാനമാണ് ഇവിടെ വനം വകുപ്പ് നടപ്പാക്കുന്നത്. ആളുകളെ കള്ളക്കേസിൽ കുടുക്കിയും, ഇല്ലാത്ത അധികാരം ഉണ്ട് എന്ന് ഭാവിക്കുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ വനം വകുപ്പ്. ഇവരെ നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ല.
കേളകത്തെ ജനങ്ങളുടേത് ഐതിസാഹാസിക പോരാട്ടമാണ്. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടത്തിൽ അന്തിമ വിജയം കാണുന്നതുവരെ കിഫ ഇവിടുത്തെ ജനങ്ങളോടൊപ്പം ഉണ്ടാകുംമെന്നും അലക്സ് ഒഴുകിയിൽ പറഞ്ഞു.
ആറളം വന്യജീവി സങ്കേതത്തിന്റെ കരുതൽ മേഖല ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വളയംചാൽ മുതൽ രാമച്ചി വരെ 14 കിലോമീറ്റർ ദൂരത്തിൽ ജനവാസ മേഖലകളെ ഉൾപ്പെടുത്തി 50 മീറ്റർ ആയി കണക്കാക്കി വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്.
ജനങ്ങളോടൊപ്പം ഈ വിഷയത്തിൽ പോരാട്ടം നടത്തുമെന്ന് യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കിഫ ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യ, ജോസഫ് ആഞ്ഞിലിവേലിൽ, ഫാ. സെബിൻ ഐക്കരത്താഴത്ത്, ഫാ. സന്തോഷ് ഒറവാറന്തറ, വി.എം. അബ്ദുൽ സലാം ബാഖവി, സന്തോഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
നടക്കാത്തോട് കുരിശുപള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ടൗണിൽ സമാപിച്ചു. തുടർന്നാണ് പൊതുയോഗം നടന്നത്. നിരവധി പേരാണ് പ്രതിഷേധ റാലിയിൽ അണിനിരന്നത്.