അഴിമതി ഇല്ലാതാക്കാൻ സംവിധാനത്തിലെ പാളിച്ചകൾ പ്രശ്നം: ജസ്റ്റീസ് സിറിയക് ജോസഫ്
1298040
Sunday, May 28, 2023 7:20 AM IST
മാഹി: രാജ്യത്ത് അഴിമതി പൂർണമായും തുടച്ചുനീക്കാൻ കാര്യക്ഷമമായ സംവിധാനങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി മുൻ ജസ്റ്റീസും ലോകായുക്ത ജസ്റ്റീസുമായ സിറിയക് ജോസഫ്. ദീപികയുടെ 137-ാമത് വാർഷികാഘോഷം മാഹി ഡെന്റൽ കോളജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഇല്ലാതാക്കുന്നതിൽ സംവിധാനങ്ങളില്ലാത്തതല്ല കാരണം, നമ്മുടെ സംവിധാനത്തിലെ പാളിച്ചകളാണ്. സമസ്ത മേഖലയിലും അപചയങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
കേന്ദ്രത്തിൽ അഴിമതിയില്ലാതാക്കാൻ ലോക്പാൽ എന്ന സംവിധാനം ഉണ്ടാക്കി വർഷങ്ങൾ കഴിഞ്ഞാണ് ആദ്യ ലോക്പാലിനെ നിയമിക്കുന്നത്. ലോക്പാൽ വിരമിച്ച ശേഷം ഒരു വർഷത്തോളമായിട്ടും പുതിയ നിയമനങ്ങൾ നടന്നിട്ടില്ല. അഴിമതി ഇല്ലാതാക്കാൻ ഭരണകർത്താക്കൾക്ക് താത്പര്യമില്ല എന്നതാണ് ഇതിനു കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തങ്ങൾക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാർ നല്ലവരായും അല്ലാത്തവർ തെറ്റുകാരായും പൊതുസമൂഹത്തിൽ ചിത്രീകരിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും കുടുംബങ്ങളെയും പൊതുസമൂഹത്തിൽ അവഹേളിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ലോകത്തിലെ എല്ലാകാര്യങ്ങളിലും ഇടപെടുന്ന സാംസ്കാരിക നായകർ പോലും ഇത്തരം പ്രവണതകളെ അപലപിക്കുന്നില്ലെന്നത് ഖേദകരമാണ്. ജഡ്ജിമാർക്ക് സുരക്ഷയും കൃത്യമായി ജോലി ചെയ്യാനുള്ള സാഹചര്യവുമൊരുക്കണം.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യാന്താപേക്ഷിതമാണ്. എന്നാൽ മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. അടുത്തകാലത്തായി പല വിഷയങ്ങളിലും മാധ്യമങ്ങൾ വിചാരണ നടത്തി ഏതെങ്കിലും കേസിൽ വിധി പറയേണ്ട ന്യായാധിപൻമാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ അവസ്ഥ ഒഴിവാക്കണം.
ഭരണഘടനാനുസൃതമായ നീതിന്യായ വ്യവസ്ഥ സൃഷ്ടിക്കാൻ മാധ്യമങ്ങൾ സഹകരിക്കണം. മാധ്യമ മേഖലയും മാധ്യമ പ്രവർത്തകരും വിമർശനത്തിനതീതരല്ല. വിമർശനം ഉൾക്കൊള്ളാനും തിരുത്താനും ഇവർ തയാറാകണം. മാധ്യമ മേഖലയിലെ മത്സരങ്ങൾ കാരണം നിരവധിപേർ ഇരകളായിട്ടുണ്ട്. മത്സരത്തിന്റെ പേരിൽ ആരുടെയും മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടരുത്.
അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തവർ സർക്കാർ ജീവനക്കാരിലുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ അടുത്തിടെ പറയുകയുണ്ടായി. ഇതിൽനിന്ന് തന്നെ സർക്കാർ ജീവനക്കാരിലെ അഴിമതി എത്രത്തോളമുണ്ടെന്ന് വ്യക്തമാണ്.
ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ പേരിലുള്ള മയക്കുമരുന്ന് കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽനിന്ന് ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു.
ദീപിക മാധ്യമ തറവാട്ടിലെ ഭദ്രദീപം
ദീപിക എന്നത് മാധ്യമ തറവാട്ടിലെ ഭദ്രദീപമാണ്. അജ്ഞതയെ വെളിച്ചത്തിലൂടെ അകറ്റുവാൻ കത്തിച്ചുവച്ച ഭദ്രദീപമാണ് ദീപിക. വലിപ്പത്തിലും വർണാഭവുമായ എത്ര വിളക്കുകൾ കത്തിച്ചുവച്ചാലും ഭദ്രദീപത്തിന് തുല്യമാകില്ല. അതുതന്നെയാണ് മറ്റു പല മാധ്യമങ്ങളിൽനിന്നും ദീപികയെ വ്യത്യസ്തമാക്കുന്നത്.
ഒട്ടുമിക്ക മാധ്യമങ്ങളും കച്ചവട കണ്ണുകളോടുകൂടി പ്രവർത്തിക്കുന്പോഴും സാന്പത്തിക പ്രതിസന്ധിയിൽ വലഞ്ഞപ്പോഴും ദീപിക ഒരിക്കലും നിലപാടുകളിൽനിന്ന് പിന്നോക്കം പോയിട്ടില്ല. ദീപികയെ കുറിച്ച് പല കോണുകളിൽനിന്ന് വിമർശിക്കുന്നവർ ദീപികയുടെ നിലപാട് അറിയാതെ വിമർശിക്കുന്നവരാണെന്നും ജസ്റ്റീസ് സിറിയക് തോമസ് പറഞ്ഞു.