ദീപികയുടേത് യഥാർഥ മാധ്യമ പ്രവർത്തനം: കെ. മുരളീധരൻ
1298038
Sunday, May 28, 2023 7:20 AM IST
മാഹി: പല മാധ്യമങ്ങളും വാർത്താപരിധികൾ ലംഘിക്കുന്പോൾ ദീപിക നടത്തുന്ന വിമർശനങ്ങൾ ജനകീയമാണെന്നും ആരേയും പരിധിവിട്ട് വിമർശിക്കാറില്ലെന്നും കെ. മുരളീധരൻ എംപി. ദീപിക 137-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിന്റെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് കണ്ടെത്തിയാൽ അതു തിരുത്തിക്കുകയാണ് മാധ്യമരീതി.
എന്നാൽ ഒരാളെ മോശക്കാരനാക്കുക എന്ന രീതിയിൽ വ്യാപകമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതും ഇന്ന് വ്യാപകമാണ്. ഇത് മാധ്യമ അധർമമാണ്. അച്ചടി മാധ്യമങ്ങളിൽ പൊതുവെ ഇത്തരം പ്രവണത കുറവാണെങ്കിലും വിഷ്വൽ മീഡിയയിൽ ബ്രേക്കിംഗ് ന്യൂസിനു വേണ്ടി എന്തും ചെയ്യാമെന്ന സ്ഥിതിയാണെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
ചാനലിൽ ചർച്ച നടത്തുന്നയാൾ ജഡ്ജിയും മറ്റുള്ളവർ വിചാരണ നേരിടുന്ന ആളുമെന്ന രീതിയിലാണ് ഇപ്പോൾ രാത്രി പല ചാനൽ ചർച്ചകളിലും കാണാൻ കഴിയുന്നത്. ചർച്ചകൾ അതിരുവിടുന്പോൾ പലപ്പോഴും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങൾ പോലും നാം കണ്ടതാണ്. ഒന്നും കിട്ടാതാകുന്പോൾ ഇത്തരക്കാർ അരിക്കൊന്പന്റെ പിറകെയോടുന്നതും നമ്മൾ കാണുന്നു. വിർമശനത്തിനു പുറമെ ബുദ്ധിപരമല്ലാത്ത ചോദ്യങ്ങൾ വരെ വിഷ്വൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.
നവമാധ്യമങ്ങളിൽ ആരെയും എപ്പോഴും എന്തും പറയാമെന്ന സ്ഥിതിയാണ്. ഇതൊന്നും ശരിയായ മാധ്യമ പ്രവർത്തനമല്ല. തെറ്റുകളെ വിമർശിക്കുന്പോൾ സ്വാഗതം ചെയ്യാൻ കഴിയുന്നവരാണ് എല്ലാ ഭരണാധികാരികളും. എന്നാൽ ആരെയും വ്യക്തിപരമായി വിമർശിക്കാനോ അവഹേളിക്കാനോ പാടില്ല. ഇന്ത്യയെ പോലെയുള്ള ജനാധിപത്യ രാജ്യത്ത് സത്യസന്ധമായ മാധ്യമപ്രവർത്തനം അനിവാര്യമാണ്.മാധ്യമങ്ങളെ ബഹുമാനിക്കണം. വാർത്തകൾ നൽകുന്പോൾ മാധ്യമങ്ങൾ പരിധിവിട്ട് പോകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.