ഏഴ് വർഷം കൊണ്ട് എട്ടുലക്ഷം പേർക്ക് തൊഴിൽ നൽകി: മന്ത്രി വി. അബ്ദുറഹ്മാൻ
1298034
Sunday, May 28, 2023 7:14 AM IST
ചെറുപുഴ: കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സർക്കാർ സ്വകാര്യ മേഖലകളിലായി കേരളത്തിൽ എട്ട് ലക്ഷം പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പെരിങ്ങോം പൊന്നംവയൽ ഗവ. എൽപി സ്കൂൾ കെട്ടിടത്തിന്റെയും ശുചിമുറി കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പിഎസ്സി വഴി രണ്ടു ലക്ഷം പേർക്കും സ്വകാര്യമേഖലയിൽ ആറ് ലക്ഷം പേർക്കുമാണ് തൊഴിൽ ലഭിച്ചത്. കേന്ദ്രസർക്കാർ എട്ടു വർഷം കൊണ്ട് 10 ലക്ഷം പേർക്ക് മാത്രമാണ് ജോലി നൽകിയത്. ഇത്തരത്തിൽ യുവജനങ്ങൾക്ക് മുന്നിൽ അനന്തസാധ്യതയുടെ വാതിൽ തുറക്കാനായി.
കേരളത്തിന്റെ വിദ്യാഭ്യാസരംഗം രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ ആദ്യ സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ തുടർച്ചയാണ് ഇന്ന് കേരളത്തിൽ കാണുന്ന നേട്ടങ്ങൾ. രാജ്യത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ 6.5 ലക്ഷം പേർ വിദേശ രാജ്യങ്ങളിലുണ്ട്. ഇവിടുത്തെ വിദ്യാഭാസത്തിന്റെ ഗുണനിലവാരം കണക്കിലെടുത്താണ് അവരെ മറ്റ് രാജ്യങ്ങൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 1400 കോടി രൂപ ചെലവിൽ കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സയൻസ് പാർക്കുകൾ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
2020-21 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ കെട്ടിടമൊരുക്കിയത്. ഒരുനില കെട്ടിടത്തിൽ നാല് ക്ലാസ് മുറികളാണുള്ളത്. ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധനകാര്യ കമ്മീഷൻ ഗ്രാന്റായ 18 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി ബ്ലോക്ക് സജ്ജമാക്കിയത്. 70.47 സ്ക്വയർ മീറ്ററുള്ള കെട്ടിടത്തിൽ പെൺകുട്ടികൾക്ക് അഞ്ച്, ആൺകുട്ടികൾക്ക് മൂന്ന്, അംഗപരിമിതർക്ക് രണ്ട് എന്നിങ്ങനെയാണ് ശുചിമുറികളുള്ളത്. റാമ്പും ഒരുക്കിയിട്ടുണ്ട്.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ പി.വി. ബിജു, പഞ്ചായത്ത് അസി. എൻജിനിയർ എം.കെ. രാജേഷ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ സി. കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എം. രാഘവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ദാമോദരൻ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പ മോഹൻ, പി. സുഗന്ധി, പയ്യന്നൂർ എഇഒ എം.വി. രാധാകൃഷ്ണൻ, മുഖ്യാധ്യാപിക എ.എൽ. ആൻസി, എസ്എംസി ചെയർമാൻ അരുൺ കുമാർ, മദർ പിടിഎ പ്രസിഡന്റ് വി. മായ, സ്റ്റാഫ് സെക്രട്ടറി കെ. വത്സല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.