"കുട്ടികൾ ഈ പാലം കടക്കുന്പോൾ ആശങ്ക വീട്ടുകാർക്ക് ’
1297729
Saturday, May 27, 2023 1:32 AM IST
ശ്രീകണ്ഠപുരം: പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ എന്നത് പഴമൊഴി. പാലം കടക്കുമ്പോൾ മാത്രമല്ല തിരികെ കടക്കുമ്പോഴും ഈശ്വരനെ വിളിച്ചുപോകും ശ്രീകണ്ഠപുരത്തെ ഇരൂഡ് തൂക്കുപാലം കടക്കുന്നവർ. അത്ര പരിതാപകരമാണ് പാലത്തിന്റെ അവസ്ഥ. ഇപ്പോൾ തൂക്കുപാലം കടക്കുമ്പോൾ വളരെ ശ്രദ്ധയോടെ മധ്യത്തിലെ ഇരുമ്പ് ചാനൽ ചവിട്ടി ദ്രവിച്ചതും മുറിഞ്ഞതുമായ മരപ്പലകകൾ ഒഴിവാക്കി വളരെ ജാഗ്രതയോടെ വേണം നടക്കാൻ. രാവിലെയും വൈകുന്നേരവും 35 ഓളം പേർ പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. സ്കൂൾ തുറന്നാൽ ദിനംപ്രതി 300ലധികം പേർ യാത്ര ചെയ്യേണ്ട പാലമാണിത്. നാട്ടുകാർ പിരിവെടുത്തും മറ്റും എല്ലാവർഷവും അറ്റകുറ്റപണി നടത്തുന്നതിനാൽ മാത്രമാണ് ഇതുവരെ അധികം അപകടങ്ങൾ സംഭവിക്കാത്തത്. കഴിഞ്ഞ ദിവസം ഒരമ്മയും മകനും വീണെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടു.
പാലം വന്നത്
ഇങ്ങനെ;
ശ്രീകണ്ഠപുരം നഗരസഭയെയും പയ്യാവൂർ ഗ്രാമപഞ്ചായത്തിനെയും വേർതിരിക്കുന്ന നുച്യാട് പുഴയിൽ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിന് സമീപത്തായി ഒരു തൂക്കുപാലം പണിയുവാൻ അന്നത്തെ നാട്ടുകാർ തീരുമാനിച്ചതിനെത്തുടർന്നാണ് 1980 ജനുവരി 26ന് തൂക്കുപാലം നിർമാണം തുടങ്ങിയത്. പയ്യാവൂർ വലിയപള്ളിയുടെ അന്നത്തെ വികാരി ഫാ. തോമസ് തറയിൽ ആണ് പണിയുടെ നേതൃത്വം ഏറ്റെടുത്തത്. നിർധനരായ നാട്ടുകാരിൽ നിന്ന് പിരിവെടുത്തതോടൊപ്പം മിസ്സേറിയോസ് എന്ന സംഘടനയുടെ ധനസഹായവും നിർമാണത്തിനു ലഭിച്ചു. 1982 മേയ് 26-ാം തീയതി തൂക്കുപാലം പണി പൂർത്തിയായി. കോട്ടയം മെത്രാപ്പോലീത്തയായിരുന്ന മാർ കുര്യാക്കോസ് കുന്നശേരി പിതാവിന്റെ അധ്യക്ഷതയിൽ അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ ആർ.പി. സിംഗ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. അന്ന് വയർ റോപ്പും വശങ്ങളിൽ ആംഗ്ലറും കമ്പിയും ഘടിപ്പിച്ചിരുന്നെങ്കിലും കുറുകെയും നെടുകയും ഉള്ള ബീമുകൾ മരത്തിന്റേതായിരുന്നു.
കാലപഴക്കത്തിൽ ദ്രവിച്ചുപോയ ബീമുകൾ മാറ്റിയും പുതുതായി ചാനലുകളും ആംഗ്ലറുകളും ഇട്ടും 1989ൽ പാലം നവീകരിച്ചു. ഇതിന് ഒന്നര ലക്ഷം രൂപ ചെലവായതിൽ 68,000 രൂപ പയ്യാവൂർ ഗ്രാമപഞ്ചായത്ത് നൽകി. ബാക്കി തുക നാട്ടുകാർ സമാഹരിച്ചു.
അടുത്തകാലം വരെ പാലത്തിന്റെ അറ്റകുറ്റപണികൾക്കായി ചെറിയ തുക പയ്യാവൂർ പഞ്ചായത്തിൽ നിന്ന് ലഭിച്ചിരുന്നു. ഇപ്പോൾ ആ സഹായവും നിലച്ച അവസ്ഥയാണ്. ഗുണഭോക്താക്കളുടെ ശ്രമഫലമായാണ് അറ്റകുറ്റപണിയും പെയിന്റിംഗും നടത്തുന്നത്. തൂക്കുപാലത്തിന്റെ ആകെ നീളം 83 മീറ്ററും വീതി 1.22 മീറ്ററുമാണ്.
പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരാൻ ഇരൂഡ്, ആലക്കുന്ന്, കാഞ്ഞിലേരി ഭാഗത്തുള്ള കുട്ടികൾ ആശ്രയിക്കുന്നത് ഈ തൂക്കുപാലത്തെയാണ്. ഇത് നിലനിൽക്കേണ്ടത് വിദ്യാർഥികൾക്കും നാട്ടുകാർക്കും അത്യാവശ്യമാണ്. ശ്രീകണ്ഠപുരം നഗരസഭയും പഞ്ചായത്തും ഭരണാധികാരികളും ഇതു മനസിലാക്കി ആവശ്യമായത് ചെയ്തില്ലെങ്കിൽ നെഞ്ചിടിപ്പേറുന്നത് രക്ഷിതാക്കൾക്കാണ്.