ബഫർസോൺ; ജനകീയ റാലി നാളെ
1297722
Saturday, May 27, 2023 1:31 AM IST
കേളകം: കിഫയുടെ നേതൃത്വത്തിൽ റാലിയും ജനകീയ പൊതുയോഗവും നാളെ നടക്കും. അടയ്ക്കാ ത്തോട് ടൗണിൽ വൈകുന്നേരം റാലിയും തുടർന്ന് പൊതുയോഗവും നടക്കും. മേലെ സിറ്റിയിൽ നിന്നാരംഭിക്കുന്ന റാലി താഴെ സിറ്റി പൊതുയോഗ വേദിയിലേക്ക് എത്തിച്ചേരും. യോഗത്തിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രസംഗിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബഫർ സോണുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളെ ഉൾപ്പെടുത്തി 50 മീറ്റർ ആയി കണക്കാക്കി വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശിപാർശ സമർപ്പിച്ചതിൽ പ്രതിഷേധിച്ചാണ് റാലി. ബഫർ സോണിൽ ജനപ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ സീറോ ബഫർസോൺ എന്ന തീരുമാനം അട്ടിമറിച്ച് വനം വകുപ്പ് കൊടുത്ത നിർദേശം തിരുത്തിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ ജനപ്രതിനിധികളും ഭരണകൂടവും വേണ്ട നടപടി സ്വീകരിക്കുക, കമ്മിറ്റി തീരുമാനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊതുയോഗം സംഘടിപ്പിക്കുന്നത്.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രതിനിധികളായ മാത്യു തൈവേലിക്കകത്ത്, പ്രവീൺ താഴത്തെമുറി, എം.ജെ. റോബിൻ എന്നിവർ പങ്കെടുത്തു.