നിയമ വിദ്യാർഥിയെ കൈയേറ്റം ചെയ്യാൻ ശ്രമം: സദാചാര സംഘം അറസ്റ്റിൽ
1297721
Saturday, May 27, 2023 1:31 AM IST
കണ്ണൂർ: നിയമവിദ്യാർഥിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സദാചാര സംഘം അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
22 നാണ് കേസിനാസ്പദമായ സംഭവം. നിയമ വിദ്യാർഥിയായ അക്ഷയിയുടെ പരാതിയിലാണ് കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്. 22ന് വൈകുന്നേരം താവക്കരയിലെ ഹോസ്റ്റലിൽ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാൻ എത്തിയതായിരുന്നു അക്ഷയ്.
പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോൾ നീ എന്തിനാണ് ലേഡീസ് ഹോസ്റ്റലിൽ പോയത്, എന്താണ് കാര്യം എന്ന് ചോദിച്ച് ഷമോജും ഷുഹൈബും അക്ഷയിയെ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും അക്ഷയിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.