നെയ്യമൃത് സംഘം മഠങ്ങളിൽ പ്രവേശിച്ചു
1297716
Saturday, May 27, 2023 1:31 AM IST
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിനുളള നെയ്യുമായി പോകേണ്ട വ്രതക്കാർ വിവിധ മഠങ്ങളിൽ പ്രവേശിച്ചു. ഇന്നലെ മുതലാണ് ഇവർ മഠങ്ങളിൽ പ്രവേശിച്ച് കഠിനവ്രതം തുടങ്ങിയത്. കീഴൂർ മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള മഠത്തിൽ 20 പേരാണ് ഇത്തവണ വ്രതം നോൽക്കുന്നത്. പി.ആർ. ഉണ്ണികൃഷ്ണനാണ് മഠം കാരണവർ. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി മഠത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള കലശം കുളിചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
പായം കാടമുണ്ട മഹാവിഷ്ണു ക്ഷേത്രം, കീഴൂർ ഇടവയുടെ കീഴിലുള്ള പുന്നാട് കുഴുമ്പിൽ, കാക്കയങ്ങാട് പാല, ആറളം, വട്ടക്കയം തുടങ്ങിയ മഠങ്ങളിലും നെയ്യമൃത് സംഘം കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചു. ജൂൺ ഒന്നിന് അർധരാത്രിയോടെയാണ് അക്കരെ കൊട്ടിയൂരിൽ സ്വയംഭൂവിൽ നെയ്യഭിഷേകം നടക്കുക. അഞ്ചു ദിവസത്തെ കഠിന വ്രതത്തിന് ശേഷം വ്രതക്കാർ നെയ്യഭിഷേകത്തിനുള്ള നെയ്യുമായി ഒന്നിന് പുലർച്ചെ കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടും.