കുണ്ടൂർ പുഴ പാലം; ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് എംഎൽഎ
1297715
Saturday, May 27, 2023 1:31 AM IST
ഉരുപ്പുംകുറ്റി: അയ്യൻകുന്ന് ഉരുപ്പുംകുറ്റി ഏഴാംകടവ് റോഡിലെ പണി പൂർത്തിയാകാത്ത കുണ്ടൂർ പുഴ പാലം സ്ഥലം എംഎൽ സണ്ണി ജോസഫ് സന്ദർശിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ വകയിരുത്തിയാണ് 2018ൽ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. നിർമാണ പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ കൃത്യമായി ജോലിക്കാരോ മേൽനോട്ടമോ ഇല്ലായിരുന്നു.
ഏഴാംകടവിലെ ജനങ്ങൾക്ക് മഴക്കാലം ആരംഭിച്ചാൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കുണ്ടൂർ പുഴ പാലമാണ്. നിർമാണം കഴിഞ്ഞ് വർഷങ്ങളായിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ കാൽനട യാത്ര പോലും ദുഷ്കരമാണ്. ഒന്നര വർഷം മുമ്പ് പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡുകളുടെ പ്രവർത്തി ആരംഭിക്കാതെ കരാറുകാരൻ സ്ഥലം വിടുകയായിരുന്നു.
പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോൺട്രാക്ടർ കാസർഗോഡ് സ്വദേശി ഫൈസൽ തോന്നിയതുപോലെയാണ് പണികൾ ചെയ്തതെന്നും ഒടുവിൽ മുഴവൻ ജോലികളും തീർക്കാതെ കടന്നുകളഞ്ഞു എന്നുമാണ് നാട്ടുകാരുടെ ആരോപണം. എംഎൽഎയും ഇക്കാര്യം ശരിവയ്ക്കുകയാണ്.
ജനങ്ങളുടെ യാത്രാ ദുരിതം മനസിലാക്കി ഉടൻതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് പരിഹാരം ഉണ്ടാക്കുമെന്ന് പാലം സന്ദർശിച്ച ശേഷം എംഎൽഎ ഉറപ്പുനൽകി. വാർഡ് മെംബർ എവൺ ജോസ്, മനോജ് എം. കണ്ടത്തിൽ, ഷാജി മടയംകുന്നേൽ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.