കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ ഒന്ന് മുതൽ
1297446
Friday, May 26, 2023 12:56 AM IST
കണ്ണൂർ: കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ജൂൺ ഒന്നുമുതൽ നെയ്യാട്ടത്തോടെ ആരംഭിച്ച് 28 ന് തൃക്കലശാട്ടത്തോടെ സമാപിക്കും. വൈശാഖ മഹോത്സവത്തിനോടനുബന്ധിച്ച് ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അക്കരെ കൊട്ടിയൂർ കയ്യാലകളുടെ കെട്ടിപ്പുത പ്രവൃത്തി 90 ശതമാനം പൂർത്തിയായി.അക്കരെ കൊട്ടിയൂരിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള സംവിധാനവും ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് വൈശാഖമഹോത്സവം നടക്കുക.
ഉത്സവനഗരി ലഹരി മുക്തമാക്കുന്നതിനായി എക്സൈസ് വകുപ്പ് എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്. ഉത്സവനഗരിയിൽ പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, കെഎസ്ഇബി, കെഎസ്ആർടിസി വകുപ്പുകളുടെ ഇരുപത്തിനാലു മണിക്കൂറും സേവനം ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ദേവസ്വം ഇൻഫർമേഷൻ കൗണ്ടർ ഈ വർഷവും പ്രവർത്തിക്കും. വാഹനം പാർക്ക് ചെയ്യുന്നതിനായി ഈ വർഷം വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇക്കരെ കൊട്ടിയൂരിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു നിലവിലെ പാർക്കിംഗ് ഗ്രൗണ്ട് നിരപ്പാക്കി ആയിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 200 ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ കെ.നാരായണൻ, ട്രസ്റ്റി അംഗങ്ങളായ രവീന്ദ്രൻ പൊയ് ലൂർ, എം. പ്രശാന്ത് എന്നിവരും പങ്കെടുത്തു.