ശന്പളമില്ല; പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ
1297445
Friday, May 26, 2023 12:56 AM IST
പരിയാരം: മൂന്നുമാസമായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ കോളജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 2019 ൽ സർക്കാർ ഏറ്റെടുത്തതിൽ പിന്നെ മെഡിക്കൽ കോളജിൽ നിരന്തരം ശമ്പളം മുടങ്ങുന്ന അവസ്ഥയാണ്.
സ്പാർക്ക് വഴിയാണ് ശമ്പള വിതരണം നടക്കുന്നത്. 1995 മുതൽ ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സ്ഥിര നിയമനത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് ഇടയ്ക്കിടെ ശമ്പളം മുടങ്ങുന്ന സ്ഥിതിവരുന്നത്. സ്പാർക്കിലേക്കുള്ള ടേം ആൻഡ് കണ്ടീഷന്റെ പേരു പറഞ്ഞാണ് സർക്കാർ ഡോക്ടർമാരുടെ ശമ്പളം വിതരണം ചെയ്യാതെ നിൽക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇടക്കാല ആശ്വാസമെന്ന നിലയിൽ ചില സന്ദർഭങ്ങളിൽ മൂന്നു നാലു മാസത്തെ ശമ്പളം ഒന്നിച്ചുവരുന്ന സാഹചര്യം നേരത്തെയുണ്ടായിരുന്നു. ആ രീതിയിലെങ്കിലും ശമ്പള വിതരണം പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡന്റ് ഡോ. കെ. രമേശൻ, സെക്രട്ടറി ഡോ. അനൂപ് ജെ. മറ്റം, ഡോ. പ്രെറ്റി മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. പി. അരുൺകുമാർ, ഡോ. ബിഫി ജോയ്, ഡോ. ഷാമിൻ ജേക്കബ്, ഡോ. മുഹമ്മദ് ഷഫീഖ് എന്നിവർ നേതൃത്വം നൽകി.