കാഷ് അവാർഡ് വിതരണം 28ന്
1297444
Friday, May 26, 2023 12:56 AM IST
കണ്ണൂർ: ചെത്ത് തൊഴിലാളികളിൽ ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ സർവീസും ഉത്പാദനവും കൈവരിച്ചവർക്ക് പാരിതോഷികം നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ 10ന് പിണറായി കൺവൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ 2022ലെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സ്വർണമെഡലും കാഷ് അവാർഡും വിതരണം ചെയ്യും.
ക്ഷേമ നിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും പ്രൊഫഷണൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച ഒന്നാം വർഷ വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പും വിതരണവും നടക്കും. ക്ഷേമ നിധി ബോർഡിൽ വനിതാ ചെത്ത് തൊഴിലാളിയായി ആദ്യമായി രജിസ്റ്റർ ചെയ്ത് ജോലി ചെയ്തുവരുന്ന കൂത്തുപറമ്പ് റേഞ്ചിലെ ഷീജയേയും കരാട്ടെയിൽ ഡോക്ടറേറ്റ് നേടിയ ശ്രീകണ്ഠപുരം റേഞ്ചിലെ സി.പി. രാജീവനെയും ആദരിക്കും. പത്രസമ്മേളനത്തിൽ ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രൻ, പി.ബാലൻ, പി.വി.രവീന്ദ്രൻ, വി.വി. രമേശൻ, വി. ശരത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.