ദേശീയ നേതാക്കളെ മാറ്റി പ്രതിഷ്ഠിക്കാന്‍ ശ്രമം: മാര്ട്ടിന് ജോര്‍ജ്
1297443
Friday, May 26, 2023 12:56 AM IST
പയ്യന്നൂര്‍: ദേശീയ നേതാക്കളെ മാറ്റി പകരം മറ്റുചിലരെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണു കേന്ദ്ര ഭരണകൂടം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. 1928 ല്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 95ാം വാര്ഷികാഘോഷത്തിൻ തുടക്കം കുറിച്ച് ഗാന്ധിപാര്‍ക്കിലെ ഗാന്ധിപ്രതിമയിലും നെഹ്റു സ്തൂപത്തിലും പുഷ്പാര്‍ച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ ഏടുകളെയും സംഭവങ്ങളെയും വളച്ചൊടിക്കാനാണ് സംഘപരിവാറും ബിജെപിയും ശ്രിക്കുന്നത്. ഇതിനായുള്ള കള്ളപ്രചാരണങ്ങളെ യഥാര്‍ഥ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് മറികടക്കേണ്ടതുണ്ടെന്നും അതിനായുള്ള ഓര്മ പുതുക്കല്‍ കൂടിയാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. വി.സി. നാരായണന് അധ്യക്ഷത വഹിച്ചു. എ.പി. നാരായണന്, എം.പി. ഉണ്ണികൃഷ്ണന്, പി. ലളിത, അഡ്വ. ഗോപിനാഥ്, കെ. ജയരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10.30ന് ഗാന്ധിപാര്‍ക്കില്‍ "നെഹ്റുവിന്റെ ഇന്ത്യ' എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്യും. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷനും നിയമ പണ്ഡിതനുമായ ആസഫലി, കെപിസിസി ജനറൽ സെക്രട്ടറിയും ചരിത്ര പ്രഭാഷകനുമായ ആര്യാടന് ഷൗക്കത്ത് എന്നിവര്‍ പ്രഭാഷണം നടത്തും.