മോഷ്ടിച്ച ടിപ്പര്‍ ലോറി പോലീസ് ജീപ്പിലിടിപ്പിച്ച് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു
1297440
Friday, May 26, 2023 12:56 AM IST
ചീമേനി: വടകരയില്‍നിന്ന് മോഷ്ടിച്ച ടിപ്പര്‍ ലോറിയുമായെത്തിയ സംഘം പിന്തുടരാന് ശ്രമിച്ച പോലീസ് ജീപ്പിലിടിച്ച് രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെ ചീമേനിക്കു സമീപം ചള്ളുവക്കോട് വച്ചാണ് സംഭവം. എസ്ഐ പി.വി. രാമചന്ദ്രനുള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വടകരയില്‍നിന്നും കഴിഞ്ഞ ദിവസം കവര്‍ച്ച ചെയ്ത ടിപ്പര്‍ ലോറി ചീമേനി സ്റ്റേഷന് പരിധിയിലുണ്ടെന്ന് അവിടെനിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം വാഹനപരിശോധനയ്ക്കെത്തിയത്. ചീമേനി പ്ലാന്റേഷന് കോര്പറേഷന് ഓഫീസിനു മുന്നിലുള്ള റോഡില്‍ വാഹനപരിശോധന നടത്തുന്നതിനിടെ അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ബൊലേറോ ജീപ്പില്‍ ലോറിയെ പിന്തുടര്ന്നു.
ഏതാനും കിലോമീറ്റര്‍ അകലെ ചള്ളുവക്കോട് ജംഗ്ഷനില്‍വച്ച് ലോറിയെ മറികടന്ന് റോഡിനു കുറുകെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ലോറി ഡ്രൈവര്‍ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്ത് ജീപ്പിലിടിച്ചു. എസ്ഐ ഇരിക്കുന്ന ഭാഗത്തെ വാതിലിലാണ് ഇടിച്ചത്. ലോറി പിന്നോട്ടെടുത്ത് വീണ്ടും രണ്ടുവട്ടം പോലീസ് ജീപ്പിലിടിച്ചതിനുശേഷം ഇടികൊള്ളാതിരിക്കാനായി ജീപ്പ് വെട്ടിച്ച വഴിയിലൂടെ മുന്നോട്ടെടുക്കുകയായിരുന്നു. ജീപ്പിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പോലീസിന് പിന്തുടരാനായില്ല. അമിതവേഗതയില്‍ മുന്നോട്ടുപോയ വാഹനം ഏതുവഴിക്കാണ് പോയതെന്നറിയാന്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഡ്രൈവറെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.