താബോർ മലയിൽനിന്നും ബുള്ളറ്റിൽ കാഷ്മീർ മലമടക്കിലേക്ക് സെബാസ്റ്റ്യൻ
1297436
Friday, May 26, 2023 12:55 AM IST
ചെറുപുഴ: താബോർമലയിൽ നിന്നും കാഷ്മീർ മലമടക്കുകൾ ലക്ഷ്യം വച്ച് അറയ്ക്കൽ സെബാസ്റ്റ്യൻ എന്ന സിബിയുടെ യാത്രയാരംഭിച്ചു. കഠിനമായി അധ്വാനിക്കുക, യാത്ര ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, രാജ്യത്തിന്റെ വൈവിധ്യങ്ങളെ തൊട്ട് യാത്രയുടെ ഇടവേളകളിൽ താമസിക്കുക എന്നതാണ് സെബാസ്റ്റ്യന്റെ ആഗ്രഹവും ജീവിതവും.
മുന്പും നിരവധി യാത്രകൾ ബുള്ളറ്റിൽ സെബാസ്റ്റ്യൻ നടത്തിയിട്ടുണ്ട്. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന മകൻ സോളമൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ സെബാസ്റ്റ്യനൊപ്പം യാത്രയിൽ പങ്കുചേരും. ഇന്നലെ രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ശേഷമാണു സെബാസ്റ്റ്യൻ യാത്രയാരംഭിച്ചത്.
സെബാസ്റ്റ്യനെ യാത്രയാക്കാൻ ഭാര്യ മർഫി, അമ്മ കുട്ടിയമ്മയും നാട്ടുകാരും എത്തിയിരുന്നു. തെങ്ങുകയറ്റം മുതൽ എല്ലാ കൃഷിപ്പണികളും സെബാസ്റ്റ്യൻ ചെയ്യും. അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്നും കുടുംബചെലവ് കഴിഞ്ഞ് മിച്ചം പിടിക്കുന്ന തുക സ്വരുക്കൂട്ടിയാണു സെബാസ്റ്റ്യന്റെ യാത്ര.