കശുമാവ് കർഷക സെമിനാർ നടത്തി
1297434
Friday, May 26, 2023 12:55 AM IST
ഇരിട്ടി: രാജ്യത്ത് കശുവണ്ടി ഉത്പാദനത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്ന കേരളം ഇന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്ന് കശുവണ്ടി കർഷക സെമിനാർ. കശുവണ്ടിയെ നാണ്യവിളയായി പ്രഖ്യാപിക്കാത്തത്, ന്യായമായ വില ലഭിക്കാത്തത്, പ്രകൃതിക്ഷോഭം, രോഗങ്ങൾ എന്നിവയെല്ലാം കേരളത്തിലെ കശുമാവ് കൃഷിയെ സാരമായി ബാധിച്ചു. ജില്ലയിൽ പ്രത്യേകിച്ച് കേളകം, അയ്യൻകുന്ന്, എരുവേശി മേഖലകളിലെ നാടൻ കശുമാവ് ഇനങ്ങളിലെ കശുവണ്ടി വലിപ്പത്തിലും ഉത്പാദന ക്ഷമതയിലും മെച്ചപ്പെട്ടതെന്ന് ക്യാഷ്യു സെല്ലിന്റെ പഠനങ്ങൾ കണ്ടെത്തി, ഇത്തരം നാടൻ കശുവണ്ടികൾ പ്രാദേശിക ബ്രാൻഡുകളായി കർഷകരിലേക്ക് എത്തുന്നതിലൂടെ ഗുണമേന്മയുള്ള നാടൻ കശുവണ്ടികളുടെ ഉത്പാദനം വർധിപ്പിക്കാമെന്നും യോഗം വിലയിരുത്തി.
പുതിയ കൃഷി രീതികളുമായി ബന്ധപ്പെട്ട കർഷകരുടെ സംശയങ്ങൾ, വന്യമൃഗങ്ങളുടെ ആക്രമണം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുന്ന ഇടവിളകൾ എന്നിവ സംബന്ധിച്ച് കർഷകരുടെയും കൃഷി വിദഗ്ധരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സെമിനാറിൽ ചർച്ച ചെയ്തു.
വർഷങ്ങളായി കൃഷിയിലൂടെ ലഭിച്ച അനുഭവങ്ങൾ കർഷകർ പരസ്പരം പങ്കുവച്ചു. ഇരിട്ടി സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ നടന്ന കർഷക സെമിനാറും സംവാദവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്യാഷ്യു സെല്ല് ചെയർമാൻ ജോസ് പൂമല അധ്യക്ഷത വഹിച്ചു. തോമസ് വർഗീസ്, പീലിക്കോട് ഗവേഷണ കേന്ദ്രം അസോ. പ്രഫ. ഡോ. മീരാ മഞ്ജുഷ, ഡോ. നിഷ ലക്ഷ്മി എന്നിവർ ക്ലാസുകൾ നയിച്ചു. കാർഷിക മേഖലയിൽ ദേശീയ ഇന്നവേഷൻ അവാർഡ് ജേതാവ് ആനിയമ്മ ബേബിയെ ചടങ്ങിൽ ആദരിച്ചു. മട്ടിണി വിജയൻ പ്രസംഗിച്ചു.