സൗജന്യ മെഡിക്കല്‍ ക്യാമ്പ് 28ന്
1297431
Friday, May 26, 2023 12:55 AM IST
പയ്യന്നൂര്‍: ഫാ. ജയിംസ് മൊന്തനാരി ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റിയുടെ അനുബന്ധ കര്‍മ പരിപാടിയായി ഏഴിമല മൊന്തനാരി നഗറിൽ 28ന് സൗജന്യ ജീവിത ശൈലീ രോഗനിയന്ത്രണ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗം ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അഹമ്മദ് നിസാര്‍, പയ്യന്നൂര്‍ നഗരസഭ വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പുതിയ കാലത്തിന്റെ വെല്ലുവിളിയായി മാറിയ ജീവിത ശൈലീ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനായി 25 വയസിനു മുകളിലുള്ളവരെ ക്യാമ്പില്‍ പരിശോധിക്കും. ജനറല്‍ മെഡിസിന്, പ്രഷര്‍, ഷുഗര്‍, പൊണ്ണത്തടി നിര്‍ണയം എന്നിവയില്‍ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടക്കും. ക്യാമ്പിന് മുന്‍പായി കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിക്കും.
ഇറ്റാലിയന്‍ മിഷനറിയായ ഫാ. ജയിംസ് മൊന്തനാരി ആറര പതിറ്റാണ്ട് മുമ്പ് കുരിശുമുക്കില്‍ സ്ഥാപിക്കുകയും പഞ്ചായത്തിലെ ജനങ്ങള്‍ക്കാകെ ആശ്രയമാവുകയും ചെയ്ത സെവന് ഹില്‍സ് ഡിസ്പെന്‍സറിയുടെ പ്രവര്‍ത്തനം പഴമക്കാരുടെ മനസില്‍ നിറമുള്ള ഓര്‍മകളാണ്.ആരോഗ്യ പരിപാലന രംഗത്ത് മൊന്തനാരിയച്ചന് നടത്തിയ സൗജന്യ സേവനത്തെ അനുസ്മരിക്കുന്നതിനാണ് ഗോള്‍ഡന്‍ ജൂബിലി കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ചെയര്മാന് ഫാ. ബിനോയി തോമസ് പറഞ്ഞു.