പ്ലസ് വൺ വിദ്യാർഥികളുടെ എണ്ണം വർധിപ്പിക്കരുത്: കെഎഎച്ച്എസ്ടിഎ
1297229
Thursday, May 25, 2023 12:59 AM IST
കണ്ണൂർ: പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികളുടെ എണ്ണം അശാസ്ത്രീയമായി വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (കെഎഎച്ച്എസ്ടിഎ) കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി നിർദേശവും കാർത്തികേയൻ നായർ കമ്മിറ്റി ശിപാർശയും പരിഗണിച്ച് പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികളുടെ എണ്ണം 50 ആയി നിജപ്പെടുത്തണം. 65 വിദ്യാർഥികളെ ഒരു ക്ലാസിൽ പ്രവേശിപ്പിച്ച് അധ്യയനം നടത്തുന്നത് അക്കാദമിക ഗുണനിലവാര തകർച്ചയ്ക്ക് കാരണമാകും.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ സർക്കാർ തയാറാകണം. മൂല്യനിർണയത്തിന് ഹാജരാവാൻ കഴിയാതിരുന്ന അധ്യാപകർ മതിയായ കാരണങ്ങൾ ബോധിപ്പിച്ചിട്ടും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ യോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് പി.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു. എസ്. അജിത് കുമാർ, ഡോ. ജോർജ് ടി. ഏബ്രഹാം, സുനിൽ കുര്യാക്കോസ്, സി.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.