കാറ്റിലും മഴയിലും ഉരുപ്പുംകുറ്റിയിൽ വ്യാപക കൃഷിനാശം; രണ്ടേക്കർ വാഴത്തോട്ടം നശിച്ചു
1297228
Thursday, May 25, 2023 12:59 AM IST
ഉരുപ്പുംകുറ്റി: ചൊവ്വാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ വ്യാപക നാശം. രണ്ടേക്കർ സ്ഥലത്തെ വാഴത്തോട്ടം പൂർണമായും നശിച്ചു. റബർ, കശുമാവ്, തെങ്ങ് എന്നിവയടക്കമുള്ള മരങ്ങൾ കടപുഴകി വീണു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഉരുപ്പുംകുറ്റിയിലെ യുവ കർഷകരായ പുതിയേടത്ത് ജെയ്മോൻ, കരിപ്പേരി ഷിബു എന്നിവർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തിയ രണ്ടേക്കറിലെ വാഴത്തോട്ടം നശിച്ചു. തോട്ടത്തിലെ 900 വാഴകളിൽ 600 വാഴകളും നശിച്ചു.
കിലോമീറ്ററുകൾ ദൂരത്തിൽ നിന്ന് പൈപ്പിലൂടെ വെള്ളമെത്തിച്ചാണ് ഇവർ കൃഷി നടത്തിയിരുന്നത്. ഉരുപ്പുംകുറ്റിയിലെ തന്നെ കുന്നംകോട്ട് ചാക്കോയുടെ 15 റബർ മരങ്ങൾ പൊട്ടി വീണു. ആഞ്ഞിലിവേലിൽ കുഞ്ഞുമോന്റെ തോട്ടത്തിലെ 100 കുലച്ച ഏത്ത വാഴകൾനശിച്ചു. ഏഴാംകടവിലെ ജോസഫ് വെള്ളാക്കുഴിയുടെ 4.50 ഏക്കർ വരുന്ന തോട്ടത്തിലെ 150 റബർ മരങ്ങളും പൊട്ടി വീണു. ഈ മേഖലയിൽ മാത്രമായി ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഈന്തുംകരിയിലെ മാവേലിൽ സുകുമാരന്റെ വീടിന് മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു.
നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ, വാർഡ് മെംബർ എ വൺ ജോസ്, കരിക്കോട്ടക്കരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, ഷാജി മടയംകുന്നേൽ എന്നിവർ സന്ദർശിച്ചു.