സംരക്ഷിതരാകേണ്ടത് സ്വന്തം ഉത്തരവാദിത്വം: ക്രിക്കറ്റ് താരം സജ്ന സജീവൻ
1545846
Sunday, April 27, 2025 5:32 AM IST
കൽപ്പറ്റ: ലഹരി വസ്തുക്കളുടെ വിപണനവും ഉപഭോഗവും വർധിച്ച സമൂഹത്തിൽ നല്ല ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് സംരക്ഷിതരാകേണ്ടത് ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്വമാണെന്ന് ദേശീയ വനിതാ ക്രിക്കറ്റ് താരം സജ്ന സജീവൻ. എസ്കെഎംജെ സ്കൂൾ ഗ്രണ്ടിലെ എന്റെ കേരളം വേദിയിൽ എക്സൈസും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു സജ്ന.
സമൂഹത്തിന് മാതൃകയാകുന്നതും ഓരോരുത്തർക്കും താത്പര്യമുള്ളതുമായ നല്ല കാര്യങ്ങളിൽ വ്യാപൃതരാകുകയാണെങ്കിൽ ലഹരി ആസക്തി മറികടക്കാമെന്നു അവർ പറഞ്ഞു. നോണ്‍ കമ്മ്യൂണിക്കബിൾ ഡിസീസസ് ജില്ലാ നോഡൽ ഓഫീസർ ഡോ കെ.ആർ. ദീപ, കൈനാട്ടി ജനറൽ ആശുപത്രി സൈക്യാട്രി വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് ഡോ.കെ.ആർ. ഹരീഷ് കൃഷ്ണൻ,
ജില്ലാ എഡ്യുക്കേഷൻ ആൻഡ് മാസ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, മാധ്യമപ്രവർത്തക നീനു മോഹൻ, വനിതാ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബിന്ദു മിൽട്ടണ്‍ തുടങ്ങിയവർ പങ്കെടുത്തു.
താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം ഷാജൻ ജോസ് മോഡറേറ്ററായി. പനമരം ഗവ.നഴ്സിംഗ് കോളജ് വിദ്യാർഥികൾ ലഹരി വിരുദ്ധ ബോധവത്കരണ ആശയവുമായി നൃത്തം അവതരിപ്പിച്ചു.