ഇന്ദുചൂഡൻ ഫൗണ്ടേഷൻ സാംസ്കാരികോത്സവം കൽപ്പറ്റയിൽ
1545316
Friday, April 25, 2025 5:57 AM IST
കൽപ്പറ്റ: തൃശൂർ ഇന്ദുചൂഡൻ ഫൗണ്ടേഷനും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഉൾപ്പെടുന്ന ഞാറ്റുവേല വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് കൽപ്പറ്റ എസ്കഐംജെ ജൂബിലി ഹാളിൽ തൂവൽമേള എന്ന പേരിൽ ഇന്നു മുതൽ 27 വരെ സാംസ്കാരികോത്സവം നടത്തുന്നു.
പ്രസിദ്ധ പക്ഷിനിരീക്ഷകനും കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഇന്ദുചൂഡന്റെ(പ്രഫ.കെ.കെ. നീലകണ്ഠൻ) ജീവിതസന്ദേശവും ജീവജാലങ്ങളോടുള്ള കരുണയും സ്നേഹവും മലയാളഭാഷയോടുള്ള പ്രതിപത്തിയും പ്രചരിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടിയെന്ന് ഫൗണ്ടേഷൻ സെക്രട്ടറിയും ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകനുമായ വി.കെ. ശ്രീരാമൻ, സാംസ്കാരികോത്സവം ക്യുറേറ്റർ എം. രാമചന്ദ്രൻ, ’ഞാറ്റുവേല’ അംഗങ്ങളും ഫോട്ടോഗ്രാഫർമാരുമായ കെ.പി. ഡിജുമോൻ, സണ്ണി ജോസഫ് ചെങ്ങമനാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാടിപ്പറക്കുന്ന മലയാളം എന്ന പേരിൽ പക്ഷിച്ചിത്ര പ്രദർശനം, കുട്ടികൾക്ക് പക്ഷിച്ചിത്ര രചനാമത്സരം, സിനിമ, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണങ്ങൾ, ഗായകൻ റാസയുടെ ഗസൽ സന്ധ്യ എന്നിവ സാംസ്കാരികോത്സവത്തിന്റെ ഭാഗമാണ്. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ 261 ഇനം പക്ഷികളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.
ഇതിൽ 60 ഓളം ഇനം പക്ഷികളുടെ ചിത്രമാണ് പക്ഷിച്ചിത്ര പ്രദർശനത്തിൽ ഉണ്ടാകുക. ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഒന്പതാമത് പക്ഷിച്ചിത്ര പ്രദർശനമാണ് കൽപ്പറ്റയിലേത്. മൂന്നു ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം ആറ് വരെയാണ് പ്രദർശനം.
സാംസ്കാരികോത്സവം ഉദ്ഘാടനം ഇന്നു രാവിലെ 11ന് പ്രകൃതിസ്നേഹിയും മുൻ എംപിയുമായ എം.വി. ശ്രേയാംസ്കുമാർ നിർവഹിക്കും. യുപി വിഭാഗം വിദ്യാർഥികളുടെ പക്ഷിച്ചിത്ര രചനാമത്സരം 11.30 മുതൽ 12.15 വരെ നടത്തും. വൈകുന്നേരം അഞ്ചിന് കൽപ്പറ്റ നാരായണന്റെ പ്രഭാഷണവും തുടർന്ന് സിനിമ പ്രദർശനവും ഉണ്ടാകും.
നാളെ രാവിലെ 11ന് ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പക്ഷിച്ചിത്ര രചനാമത്സരം തുടങ്ങും. വൈകുന്നേരം അഞ്ചിന് സുരേഷ് ഇളമണിന്റെ പ്രഭാഷണം. തുടർന്ന് സിനിമ പ്രദർശനം. 27ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം, ഗസൽ.