കൗതുകമായി എഐ സ്മാർട് സിറ്റി
1545859
Sunday, April 27, 2025 5:39 AM IST
കൽപ്പറ്റ:"എന്റെ കേരളം’ പ്രദർശന-വിപണന മേളയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ പള്ളിക്കുന്ന് ലൂർദ്മാത എൽഎംഎച്ച്എസ്എസ് സ്കൂളിലെ എം.ആർ. അമൻ അഫ്ലഹ് പ്രദർശിപ്പിക്കുന്ന എഐ സ്മാർട്ട് സിറ്റി സന്ദർശകർക്ക് കൗതുകമായി. ഉരുൾപൊട്ടൽ സാധ്യതകൾ കണ്ടെത്തൽ, വന്യമൃഗങ്ങളുടെ കാടിറക്കം മുൻകൂട്ടി അറിയൽ, അപകടങ്ങൾ ഒഴിവാക്കൽ തുടങ്ങിയവയ്ക്ക് ഉതകുന്നതാണ് എഐ സ്മാർട് സിറ്റി.
എഐ സംവിധാനം ഉരുൾപൊട്ടൽ സാധ്യത രണ്ട് ദിവസം മുന്പ് ആളുകളിൽ എത്തിക്കും.വനമേഖലയിൽ നിന്നു വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് കാമറ സഹായത്തോടെ കണ്ടെത്തിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുക. ചുരം റോഡിലൂടെ അപകടകരമായി വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ടെങ്കിൽ എഐ സംവിധാനത്തിന്റെ സഹായത്തോടെ അറിയാൻ കഴിയും.