മുട്ടികൊന്പൻ ഭീതിയിൽ വടക്കനാട് കർഷകജനത
1545589
Saturday, April 26, 2025 5:08 AM IST
മൂന്നുവർഷമായി സ്ഥിരമായി കൊന്പൻ ഭീതിപരത്തുന്നു
സുൽത്താൻ ബത്തേരി: മുട്ടികൊന്പൻ ഭീതിയിൽ കർഷകജനത. നൂൽപ്പുഴ, കല്ലൂർകുന്ന്, കരിപ്പൂര്, വടക്കനാട്, വള്ളുവാടി പ്രദേശങ്ങളിലെ കർഷകജനതയാണ് കഴിഞ്ഞ മൂന്ന് വർഷമായി മുട്ടികൊന്പനെന്ന കാട്ടാനയെകൊണ്ട് ജീവിതം ദുസഹമായിരിക്കുന്നത്. കൃഷികൾ നശിപ്പിക്കുന്നതിന് പുറമേ കർഷകരുടെ ജീവനും കാട്ടാന ഭീഷണിയാവുകയാണ്.
നിരന്തരം ഈ പ്രദേശങ്ങളിലിറങ്ങി കാട്ടുകൊന്പൻ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തിറങ്ങിയ കൊന്പൻ കല്ലൂർ ഗംഗാധരൻ, ജയചന്ദ്രൻ, ആലക്കാട്ട് മാലി ജനാർധനൻ എന്നിവരുടെ കാർഷികവിളകൾ വ്യാപകമായി നശിപ്പിച്ചു.
കായ്ഫലമുള്ള നാല് തെങ്ങുകൾ, കമുക്, കാപ്പി എന്നിവയും വാഴകളുമാണ് കൊന്പൻ നശിപ്പിച്ചത്. കൂടാതെ പശുക്കൾക്ക് നൽകാനായി വച്ചുപിടിപ്പിച്ച തീറ്റപ്പുല്ലും കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങിയിട്ടും തുരത്താനാവശ്യമായ നടപടികൾ വനംവകുപ്പ് എടുക്കാത്തതിൽ ശക്തമായപ്രതിഷേധമാണ് കർഷകരിൽ നിന്ന് ഉയരുന്നത്.
കുറിച്യാട് റേഞ്ചൽപ്പെടുന്ന താത്തൂർ വനമേഖലയിൽ നിന്ന് കല്ലൂർകുന്ന് വയൽപ്രദേശത്തുകൂടെയാണ് മുട്ടികൊന്പൻ ജദനവാസകേന്ദ്രത്തിലെത്തുന്നത്. ഇവിടെ മൂന്നിടങ്ങളിൽ ആനപ്രതിരോധ കിടങ്ങ് പൂർണമായി ഇടിഞ്ഞുകിടക്കുകയാണ്. വനത്തിനകത്ത് കിടങ്ങിനോട് ചേർന്ന് ഒരുഭാഗത്ത് തൂക്ക് വേലിയും കൃഷിയിടങ്ങളോട് ചേർന്ന് ഭാഗത്ത് ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് കൊന്പൻ ജനവാസകേന്ദ്രത്തിലേക്ക് കടക്കുന്നത്.
പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ചയാണ് ഇതിന് കാരണം. പേരിനുമാത്രം ഫെൻസിംഗ് സ്ഥാപിച്ച് വനംവകുപ്പ് കർഷകരെ കബളിപ്പിക്കുകയാണെന്നാണ് ആരോപണം. കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമേ കർഷകർക്കുനേരെയും കാട്ടാന ഓടിയടുക്കുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞവർഷം ജൂലൈയിൽ കല്ലൂർ മാറോട് രാജുവെന്ന കർഷകനെ കൃഷിയിടത്തിൽ അക്രമിച്ചുകൊന്നതും മുട്ടികൊന്പനാണ്. അതിനാൽ ആന കൃഷിയിടത്തിലിറങ്ങിയാൽ ഓടിക്കാനും കർഷകർ ഭയക്കുകയാണ്. പലകർഷകരും മുട്ടികൊന്പന്റെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിട്ടുളളത്. ആന കൃഷിയിടത്തിലിറങ്ങിയതറിഞ്ഞ് ടോർച്ചടിച്ചാൽ കർഷകർക്കുനേരെ കൊന്പൻ പാഞ്ഞടുക്കും. ഇതുകാരണം നംവകുപ്പ് വാച്ചർമാരും മുട്ടികൊന്പനെ രാത്രികാലങ്ങളിൽ തുരത്താൻ ഭയക്കുകയാണ്.
മാസങ്ങൾക്ക് മുന്പ് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് തുരത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനിയും പ്രതിരോധമാർഗങ്ങൾ ശക്തിപ്പെടുത്താൻ വനംവകുപ്പ് തയാറായില്ലെങ്കിൽ പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്.